അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും നിയമനം; സി പി എം കൊയിലാണ്ടി ഏരിയാ കമ്മറ്റിയില്‍ വാഗ്വാദം കടുക്കുന്നു

കൊയിലാണ്ടി: നഗരസഭയില്‍ നിയമിക്കുന്നതിനായി സി ഡി പി ഒ തയാറാക്കിയ അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ലിസ്റ്റില്‍ ഭൂരിപക്ഷവും മറ്റു രാഷ്ട്രീയ പാര്‍ട്ടികളോട് താല്‍പ്പര്യമുള്ളവര്‍ കയ്യടക്കിയെന്നും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സി പി എം അനുഭാവികള്‍ എന്നും പാര്‍ട്ടിക്കമ്മറ്റിയില്‍ വ്യാപകമായ ആക്ഷേപം.


ഏരിയാ കമ്മറ്റി അംഗവും നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ ചുമതലക്കാരന്റെ പിടിപ്പുകേടിനെതിരെയാണ് സി പി എമ്മിലെ പുതിയ പടപ്പുറപ്പാട്. സി പി എം ഭരിക്കുന്ന തൊട്ടടുത്ത പഞ്ചായത്തുകളിലൊക്കെ പാര്‍ട്ടി തീരുമാനിച്ച് തയാറാക്കി നല്‍കിയ ലിസ്റ്റനുസരിച്ച് തന്നെ നിയമനങ്ങള്‍ നടത്താന്‍ കഴിഞ്ഞപ്പോള്‍ കൊയിലാണ്ടി നഗരസഭയില്‍ മാത്രം എന്തുകൊണ്ട് കഴിഞ്ഞില്ല എന്നാണ് പാര്‍ട്ടി കമ്മറ്റികളില്‍ ഉയരുന്ന ചോദ്യം. വ്യക്തികളില്‍ നിന്നും ഘടകങ്ങളില്‍ നിന്നും ധാരാളം പരാതികളും  ഏരിയാ, ജില്ലാക്കമ്മറ്റികള്‍ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. ബ്രാഞ്ചുകളിലും ലോക്കല്‍ കമ്മറ്റികളിലും രൂക്ഷമായ വിമര്‍ശനങ്ങൾ ഉയർന്നതിനെ തുടര്‍ന്നാണ് പ്രശ്‌നം ഏരിയാ കമ്മറ്റി ചര്‍ച്ച ചെയതത്.

കൈകാര്യം ചെയ്തതില്‍ ജാഗ്രതക്കുറവുണ്ടായതായി ചുമതലക്കാരനായ ഏരിയാ കമ്മറ്റി അംഗം കമ്മറ്റിയില്‍ സമ്മതിച്ചെങ്കിലും അംഗങ്ങളുടെ രോഷത്തിന് കുറവുണ്ടായില്ല. കുറേയധികം പാര്‍ട്ടി അനുഭാവികള്‍ക്ക് ലഭിക്കേണ്ടിയിരുന്ന അവസരം ഇല്ലാതാക്കിയ ശേഷവും പ്രശ്‌നത്തിന്റെ ഗൗരവം  ചുമതലക്കാരനായ ഏരിയാ കമ്മറ്റി അംഗം ഉള്‍ക്കൊള്ളുന്നില്ല എന്ന് മറ്റംഗങ്ങള്‍ കുറ്റപ്പെടുത്തി. ഇദ്ദേഹം തന്നെയാണത്ര നിയമിക്കേണ്ടവരുടെ ലിസ്റ്റ് തയാറാക്കി നല്‍കാന്‍ കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടത്. അതനുസരിച്ച് തയാറാക്കിയ ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ കഴിയാതെ ഏരിയാ കമ്മറ്റിയില്‍ വന്നിരുന്ന് വാചകമടിക്കാന്‍ നാണമില്ലല്ലോ എന്ന് ഒരംഗം ചോദിച്ചതോടെ ചര്‍ച്ച അതിരുവിട്ടു. ഇയാളെ നടപടിയെടുത്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്തുകളയണം എന്ന ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്ന്, നേതാക്കളിടപെട്ടാണ് രംഗം ശാന്തമാക്കിയത്. തെറ്റുപറ്റിയെന്ന് അംഗീകരിച്ച സ്ഥിതിക്ക് മറ്റെന്ത് ചെയ്യാനാണ് എന്ന നേതാക്കളുടെ ചോദ്യമൊന്നും അംഗങ്ങളെ തണുപ്പിച്ചില്ല.

100 വര്‍ക്കര്‍മാരേയും 50 ഹെല്‍പ്പര്‍മാരേയും നിയമിക്കാന്‍ കഴിയും വിധമുള്ള ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതാ ലിസ്റ്റ് തയാറാക്കുന്ന ഇന്റര്‍വ്യൂ ആണ് നടന്നത്. 700 ലധികം പേര്‍ അപേക്ഷകരായി ഉണ്ടായിരുന്നുന്നു. നഗരസഭാ ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, എ ഡി എസ്സിന്റേയും സി ഡി എസ്സിന്റേയും പ്രതിനിധികള്‍, നഗരസഭ പേരു നല്‍കിയ നാല് സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരാണ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. ഇന്നത്തെ നിലയില്‍ ഇവരെല്ലാവരും സി പി എം അംഗങ്ങളോ സഹയാത്രികരോ ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. നിയമിക്കേണ്ടവരുടെ ലിസ്റ്റ് പാര്‍ട്ടി കമ്മറ്റി നേരത്തെ തയാറാക്കി നല്‍കുകയാണ് പതിവ്. അതനുസരിച്ച് ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവര്‍ അവരെ ലിസ്റ്റില്‍ മുകളിലെത്തിക്കും. വിവിധ യോഗ്യതകളുടെ അടിസ്ഥാനത്തില്‍ 80 മാര്‍ക്കും ഇന്റര്‍വ്യൂവിലെ പെര്‍ഫോമെന്‍സിന് 20 മാര്‍ക്കുമാണ് നല്‍കുക. ഇതു രണ്ടും ചേര്‍ന്ന് 100 മാര്‍ക്ക്. ഇതില്‍ പരമാവധി സ്‌കോര്‍ ചെയ്യുന്നവരാണ് ലിസ്റ്റില്‍ ഇടം പിടിക്കുക. പാര്‍ട്ടി ചുമതലക്കാരന്‍ നിര്‍ദ്ദേശിച്ച നാലു പേരേയാണ് സാമൂഹ്യ പ്രവര്‍ത്തകരായി ഇന്റര്‍വ്യൂ ബോര്‍ഡിലേക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിര്‍ദ്ദേശിച്ചത്. സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് പകരം സജീവ രാഷ്ട്രീയ പ്രവര്‍ത്തകരായ നാലു പേരാണ് ഇത്തവണ ഇന്റര്‍വ്യൂ ബോര്‍ഡിലെത്തിയത്. അതില്‍ തന്നെ ഒരാള്‍ പരിണിതപ്രജ്ഞനായ ഒരു കോണ്‍ഗ്രസ്സ് നേതാവും മറ്റൊരാള്‍ മുസ്ലീം ലീഗിന്റെ സജീവാംഗവുമായിരുന്നു. സി പി എമ്മിന് സമ്പൂര്‍ണ്ണ ആധിപത്യമുള്ള നഗരസഭയില്‍ ഇവര്‍ രണ്ടു പേര്‍ക്കും അവസരം നല്‍കിയതെന്തിന് എന്ന ചോദ്യത്തിന് ചുമതലക്കാരനായ ഏരിയാ കമ്മറ്റി അംഗത്തിന് മറുപടിയില്ല. മുന്‍ നഗരസഭാ കൗണ്‍സില്‍ അംഗവും കോണ്‍ഗ്രസ്സിന്റെ ബ്ലോക്ക് തല നേതാവുമായ ഇയാള്‍ ഇന്റര്‍വ്യൂ ബോര്‍ഡിലുള്ള മറ്റുള്ളവരെ സ്വാധീനിച്ച് തനിക്ക് വേണ്ടപ്പെട്ടവരെയെല്ലാം മുന്നിലെത്തിച്ചത് എന്തുകൊണ്ട് ശ്രദ്ധയിൽ പെട്ടില്ല എന്നാണ് പാര്‍ട്ടി സഖാക്കള്‍ ഇദ്ദേഹത്തോട് ചോദിക്കുന്നത്. മൂന്നാഴ്ച മുമ്പായിരുന്നു ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

Comments
error: Content is protected !!