കൃഷ്ണാതിയേറ്റർ പൊളിച്ചു നീക്കുന്നു; കൊയിലാണ്ടിയുടെ ഒരു സിനിമാക്കാലം നാടുനീങ്ങുന്നു
കൊയിലാണ്ടി: കൃഷ്ണാതിയേറ്റർ കൂടി നാടുനീങ്ങുന്നതോടെ, ഗൃഹാതുരസ്മരണകൾ മാത്രം ബാക്കിയാക്കി കൊയിലാണ്ടിയുടെ ഒരു സിനിമാക്കാലം നാടുനീങ്ങുന്നു. കൊയിലാണ്ടിയിലെ ആദ്യ തിയേറ്ററായ കൃഷ്ണാതിയേറ്റർ പൊളിച്ചു നീക്കുകയാണ്. ഇതോടെ നഗരസഭയായ കൊയിലാണ്ടിയിൽ സിനിമാകൊട്ടകൾ തന്നെ ഇല്ലാതാവുകയാണ്. ഒരു കാലത്ത് ടാക്കീസുകൾ ഉൾപ്പെടെ അഞ്ചു സിനിമാ കേന്ദ്രങ്ങളാണ് കൊയിലാണ്ടിയിലുണ്ടായിരുന്നത്. വിക്ടറി, ചിത്ര, കൃഷ്ണ, ദ്വാരക, അമ്പാടി. അഞ്ചിടത്തും സിനിമാ പ്രദർശനം നിലച്ച മട്ടാണ്. വല്ലപ്പോഴുമൊക്കെ തുറന്ന് ഏതെങ്കിലും സിനിമയുടെ ഏതാനും ഷോകൾ മാത്രം കളിക്കുന്ന അമ്പാടി തിയേറ്റർ മാത്രമാണ് അപവാദം. അതും മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത പ്രതിസന്ധിയെ നേരിടുകയാണ്.
തൊട്ടടുത്ത ബാലുശ്ശേരി പഞ്ചായത്തിൽ പോലും വൃത്തിയും വെടിപ്പുമുള്ള തിയേറ്ററുകൾ ബുക്കിംഗ് സൗകര്യങ്ങളുൾപ്പെടെ നൽകി ഹൗസ്ഫുൾ പ്രദർശനങ്ങൾ നടത്തുന്നു. ഒരു നഗരസഭയും താലൂക്ക് കേന്ദ്രവുമായ കൊയിലാണ്ടിയിൽ എന്തുകൊണ്ട് ആളുകൾ സിനിമ കാണാനെത്തുന്നില്ല എന്നത് തിയേറ്റർ ഉടമകളും നഗരസഭാ അധികൃതരും ഗൗരവമായി ആലോചിക്കേണ്ടതാണ്. വൃത്തിയും വെടിപ്പും ശീതീകരണ സംവിധാനങ്ങളും ബുക്കിംഗ് സൗകര്യങ്ങളുമൊക്കെ ഒരുക്കിയാൽ സിനിമ കാണാനാളുണ്ടാവും എന്നതാണ് വസ്തുത. ഷൂട്ടിംഗ് മുതൽ പ്രദർശനം വരെയുള്ള സിനിമയുടെ സാങ്കേതിക വിദ്യകളാകെ അടിമുടി മാറിയിട്ടുണ്ട് ഇതോടെ കാഴ്ചക്കാരുടെ അഭിരുചികളിലും വലിയ മാറ്റം സംഭവിച്ചു. വീട്ടിലിരുന്ന് തന്നെ സിനിമ കാണാനുള്ള സൗകര്യങ്ങൾ ഇപ്പോൾ വികസിച്ചിട്ടുണ്ട്. ഹോം തിയേറ്റർ സാങ്കേതിക സൗകര്യങ്ങളും വ്യാപകമായിട്ടുണ്ട്. അപ്പോഴും തിയേറ്ററിന്റെ ഇരുട്ടിൽ ഒരുമിച്ചിരുന്നു സിനിമ കാണുന്നതിന്റെ അനുഭൂതി ഒന്ന് വേറെ തന്നെയാണ്. വലിയ തിയേറ്ററുകൾക്ക് പകരം ചെറിയ മൾട്ടി പ്ലക്സ് തിയേറ്ററുകളിലാണ് പുതു തലമുറ സിനിമ കാണാനിഷ്ടപ്പെടുന്നത്. ഇതിനൊക്കെ സൗകര്യമൊരുക്കാൻ നഗരസഭാ അധികൃതരും തിയേറ്റർ മേഖലയിൽ മുതൽ മുടക്കാൻ തയാറുള്ളവരും ഒരുമിച്ച് ശ്രമിച്ചാൽ പടം കാണാനാളുവരും എന്നാണ് ബാലുശ്ശേരിയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. പരസ്പരം ഒത്തുകളിച്ച് വിനോദ നികുതി വെട്ടിച്ച് സ്വകാര്യമായി പണമുണ്ടാക്കാൻ മാത്രം ഔത്സുക്യം കാണിച്ചാൽ കൊയിലാണ്ടിയുടെ ദയനീയ സ്ഥിതിയാകും അനുഭവം.
കൊയിലാണ്ടി ഒരു നഗരമായി വികസിക്കുന്ന കാലത്താണ്, പട്ടണത്തിന് തിലകക്കുറിയായി കൃഷ്ണ തിയ്യറ്റർ ഉയർന്നു വന്നത്. അന്തരിച്ച നടൻ സോമനും, ഷീലയും ചേർന്നാണ് ഈ തിയ്യറ്റർ 1981ൽ ഉദ്ഘാടനം ചെയ്തത്. ജയൻ്റെ മാസ്റ്റർ പീസ് സിനിമയായിരുന്ന അങ്ങാടിയായിരുന്നു ആദ്യ സിനിമ. വടകരയിലെ വ്യവസായിയായ രാഘവൻ ആയിരുന്നു തിയ്യറ്ററിൻ്റെ ആദ്യ ഉടമ. പിന്നീട് വടകരക്കാരനായ തിയേറ്റർ വ്യവസായി രാമോട്ടി തിയേറ്റർ ഏറ്റെടുത്തു. 800 ഓളം സീറ്റായിരുന്നു, തിയേറ്ററിലുണ്ടായിരുന്നത്. ടാക്കീസുകളിൽ നിന്നും സിനിമ കണ്ടിരുന്ന സിനിമാ പ്രേമികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു കൃഷ്ണാ തിയ്യറ്ററിലെ പ്രദർശനം. നിറഞ്ഞ സദസ്സിൽ മാസങ്ങളോളം പ്രദർശനം നടത്തിയ സിനിമകൾ നിരവധിയായിരുന്നു. ആദ്യത്തെ ത്രീഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ, 70 എം എം ചിത്രമായ പടയോട്ടം തുടങ്ങിയവയും നിരവധി ആഴ്ചകൾ പ്രദർശനം നടത്തിയിട്ടുണ്ട്. തിയ്യറ്റർ പൊളിച്ച ശേഷം മൾട്ടി പർപ്പസ് കോംപ്ലക്സും മിനി തിയേറ്ററുമാണ് പുതിയതായി നിർമ്മിക്കുക എന്ന് ഉടമകൾ അറിയിച്ചു.