‘പാണന് എന്ന് എന്നെ വിളിക്കരുത് എനിക്കൊരു പേരുണ്ട്, കുഞ്ഞാമന്’ -സണ്ണി എം കപിക്കാട് അനുസ്മരിക്കുന്നു
ആധുനിക കേരളം കണ്ട ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനും ആയിരുന്നു നമ്മളെ വിട്ടു പിരിഞ്ഞ ഡോ. എം കുഞ്ഞാമന്. അദ്ദേഹത്തിന്റെ പ്രതിഭയെ വിനിയോഗിക്കുന്നതില്‍ കേരളം മടി കാണിച്ചുവെന്നതും അദ്ദേഹത്തെ വേണ്ടവിധം മനസ്സിലാക്കാനോ ആദരിക്കാനോ തയ്യാറായില്ല എന്നതും വളരെ ദുഃഖകരമായ കാര്യമാണ്.
അങ്ങനെ സംഭവിക്കാന്‍ കാരണം അദ്ദേഹം കൈവച്ച മേഖലയായിട്ടുള്ള സാമ്പത്തിക ശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം ഇല്ലായ്മയായിരുന്നില്ല. മറിച്ച് പാലക്കാട് ജില്ലയില്‍ പാണന് സമുദായത്തില്‍ ജനിച്ചു വളര്‍ന്നതാണ് തന്റെ ഈ അവസര നഷ്ടങ്ങളുടെ പിന്നിലുള്ള കാര്യമെന്ന് അദ്ദേഹം തന്നെ തന്റെ ആത്മകഥയില്‍ തുറന്നു പറയുന്നുണ്ട്.
ഫലത്തില്‍ ഒരു കീഴ്ത്തട്ട് സമുദായത്തില്‍ ജനിച്ചു എന്ന ഒറ്റ കാരണത്തില്‍ ഒരു പ്രതിഭാശാലിയെ അപമാനിച്ചു പുറത്താക്കിയ സ്ഥലമാണ് കേരളം. അദ്ദേഹത്തെക്കാള്‍ അക്കാദമിക് യോഗ്യത കുറഞ്ഞ പലരും ഉന്നത സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ടിരിക്കുന്ന ഇവിടെ മാന്യമായ ഒരു സ്ഥാനം അദ്ദേഹത്തിന് കൊടുക്കുവാന്‍ കേരളം തയ്യാറായില്ല.
കേരളത്തില്‍ നിന്ന് പുറത്തു പോവുകയും ദീര്‍ഘകാലം ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന് ആവുകയും ചെയ്ത ആളാണ് ഡോക്ടര്‍ എം കുഞ്ഞാമന്. അദ്ദേഹത്തിന് അവിടെ കിട്ടിയ സ്വീകാര്യതയും പരിഗണനയും പോലും സ്വന്തം നാട് നല്‍കിയില്ല എന്നതില്‍ ഏറെ ദുഃഖിതനായിരുന്നു അദ്ദേഹം.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന് എടാ പാണാ നീ പറയൂ എന്ന് പറയുമായിരുന്നുവെന്ന് അദ്ദേഹം തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ‘സാറേ പാണന് എന്ന് എന്നെ വിളിക്കരുത് എനിക്കൊരു പേരുണ്ട്, കുഞ്ഞാമന് എന്ന് വിളിക്കണം’ എന്ന് അധ്യാപകനോട് അദ്ദേഹം പറയേണ്ടി വരുന്നു.
കുഞ്ഞാമനെ അപമാനിച്ച് പുറത്താക്കുകയും ആത്മഹത്യക്ക് നിര്‍ബന്ധിക്കുകയും ചെയ്ത ജാതി കേരളം ഒരു വിചാരണ അര്‍ഹിക്കുന്നുണ്ട് എന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്
ജാതി കേരളത്തിന്റെ ഏറ്റവും തീക്ഷ്ണമായ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ആത്മാവിന് ഏല്‍പ്പിച്ചത് ഭയാനകമായ മുറിവുകളാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ആദരിക്കുന്ന സ്നേഹിതനും ജേഷ്ഠ സഹോദരനുമായിരുന്നു ഡോക്ടര്‍ കുഞ്ഞാമന്. അദ്ദേഹം സംഭാഷണത്തില്‍ പലപ്പോഴും പറയുന്ന ഒരു കാര്യം ”സണ്ണീ, കുഞ്ഞാമന് പേടിയാണ്” എന്നാണ്. ആ പേടി സാമൂഹികമായി നിര്‍മ്മിക്കപ്പെട്ട ഒന്നാണ് എന്നാണ് ഞാന്‍ കരുതുന്നത്. ജാതീയാനുഭവങ്ങളിലൂടെ ആത്മാവിന് ഏറ്റ മുറിവില്‍ നിന്നുണ്ടായ ഭീതിയിലാണ് അദ്ദേഹം ജീവിതം കഴിച്ചുകൂട്ടിയത് എന്ന് മനസ്സിലാക്കാന്‍ ഉള്ള വിവേകം കേരളത്തിനുണ്ടോ എന്നതില്‍ ഇപ്പോള്‍ സംശയം ഉണ്ട്.
സ്വകാര്യജീവിതത്തിലും കാര്യമായ ആഹ്ലാദമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. കേരളത്തിലെ ദളിത് സമൂഹത്തിനകത്തു നിന്നായാലും വലിയ ആദരവൊന്നും അദ്ദേഹത്തിന് കിട്ടിയതുമില്ല. അവസാനഘട്ടത്തില്‍ സാഹിത്യ അക്കാദമി സമഗ്ര സംഭാവനക്കുള്ള ഒരു പുരസ്കാരം അദ്ദേഹത്തിന് നല്‍കുന്നുണ്ട്. എന്താണ് ഈ സമഗ്ര സംഭാവന? അദ്ദേഹം സാമ്പത്തിക വിദഗ്ദനും/ സാമ്പത്തിക ശാസ്ത്രജ്ഞനും അമര്ത്യാസെനെപ്പോലെ ലോകപ്രശസ്തനായ ഒരു പണ്ഡിതനോടൊപ്പം നില്ക്കുന്ന ധിഷണാശാലിയുമല്ലേ? അദ്ദേഹത്തിന് ഒരു മുപ്പതിനായിരം രൂപ കൊടുത്ത് അപമാനിക്കാന്‍ ആണ് കേരളം ശ്രമിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം അത് വേണ്ടെന്ന് വച്ചു.
‘നിങ്ങള്‍ എന്നെ ബഹുമാനിക്കണ്ട, ഞാന്‍ നിങ്ങളെയും ബഹുമാനിക്കുന്നില്ല’ എന്ന് പറയുന്നതിലൂടെ വളരെ വലിയ സാമൂഹിക വിമര്‍ശനമാണ് കുഞ്ഞാമന് മുന്നോട്ടുവെച്ചത്. ജാത്യാധിഷ്ഠിതമായ ഒരു സമൂഹത്തിനകത്ത് ബഹുമാനമെന്നത് നിര്‍ബന്ധമായും ചിലര്‍ക്ക് കൊടുക്കേണ്ട ഒന്നാണെന്ന് വിധിയുണ്ടായിരിക്കെ ”ഞാന്‍ ആര്‍ക്കും ബഹുമാനം കൊടുക്കാന്‍ തയ്യാറല്ല, എനിക്ക് ആരും അത് തരികയും വേണ്ട” എന്ന് പറയുന്നതിലൂടെ ജാതിബോധത്തിന്റെ മേല്‍ കനത്ത ആഘാതമാണ് കുഞ്ഞാമന് ഏല്‍പ്പിച്ചത്. ഇങ്ങനെ സ്വന്തം ജ്ഞാനത്തോടും സൈദ്ധാന്തിക നിലപാടുകളോടും നൈതികത പുലര്‍ത്തിയ അപൂര്‍വ വ്യക്തിത്വമായിരുന്നു കുഞ്ഞാമന്. ഡോക്ടര്‍ ബി ആര് അംബേദ്കര്‍ ഒരിക്കല്‍ എഴുതുന്നുണ്ട് ‘Knowledge without ethics is dangerous’ എന്നാണത്. കേരളത്തിലെ ധിഷണാശാലികളില്‍ ബഹുഭൂരിപക്ഷവും ഈ Dangerous being ആയിരിക്കെ, സ്വന്തം വാക്കുകളോടും നിലപാടുകളോടും കൂറുപുലര്‍ത്താതെ അവസരം നോക്കി നടക്കുന്നവരായി മാറിയ ഒരു കാലഘട്ടത്തില്‍ കുഞ്ഞാമനെ പോലെയുള്ള ജീവിതങ്ങള്‍ അത്യപൂര്‍വ്വമാണ്.
ഒരു യൂറോപ്യന്‍ സിനിമാ സംവിധായകന് പറഞ്ഞതു പോലെ ‘ഒരാളുടെ മരണമാണ് അയാളുടെ ജീവിതത്തെ അടയാളപ്പെടുത്തുക’. കുഞ്ഞാമന്റെ മരണം അനാഥമായ ഒരു മരണമായിരുന്നു. സുഹൃത്ത് അന്വേഷിച്ചു ചെല്ലുമ്പോള്‍ കുഞ്ഞാമന് മരിച്ചു കിടക്കുന്നതാണ് കാണുന്നത്. സ്വന്തം ജീവിതത്തിനു മേല്‍ വിധി പ്രഖ്യാപിച്ചു കൊണ്ടാണ് അദ്ദേഹം ആ മരണം ഏറ്റുവാങ്ങിയത്. അത്രയും അനാഥത്വം ജീവിതത്തിലും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ആ മരണം കേരളത്തോട് നിശ്ചയമായും കണിശമായും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട് എന്ന് ഞാന്‍ വളരെ ഭയപ്പാടുകളോടെ മനസിലാക്കുന്നു. ആ ചോദ്യങ്ങള്‍ ഇനി നമുക്ക് ഒഴിവാക്കാന്‍ ആവില്ല. ജാതിയുടെ പേരില്‍ ദളിതത്വത്തിന്റെ പേരില്‍ അവഗണിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ അവസാനത്തെ മരണമേറ്റുവാങ്ങലാകട്ടെ ഈ സംഭവം എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഇവിടെ ജാതിയും മതവും ഇല്ലാത്ത മനുഷ്യന് ഉണ്ട് എന്ന പോലുള്ള വെറും പ്രസ്താവനകള്‍ കൊണ്ട് സമൂഹം ഒരിക്കലും മുന്നോട്ടു പോവുകയില്ല. കുഞ്ഞാമനെ അപമാനിച്ച് പുറത്താക്കുകയും ആത്മഹത്യക്ക് നിര്‍ബന്ധിക്കുകയും ചെയ്ത ജാതി കേരളം ഒരു വിചാരണ അര്‍ഹിക്കുന്നുണ്ട് എന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. ആ മഹാമനീഷിയുടെ, അത്രയും സൈദ്ധാന്തിക ജാഗ്രതയുള്ള, അത്യപൂര്‍വ്വമായ നിരീക്ഷണ പാടവവുമുള്ള മറ്റൊരാള്‍ അദ്ദേഹത്തിന്റെ തലമുറയില്‍ കേരളത്തില്‍ ജീവിച്ചിരുന്നില്ല. അത്രയും മഹാനായ എന്റെ ജേഷ്ഠ സഹോദരന് എം കുഞ്ഞാമന്റെ വേര്‍പിരിയലില്‍ ഉള്ള അഗാധമായ ദുഃഖം ഞാനിവിടെ രേഖപ്പെടുത്തുന്നു.