നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തിന് കത്ത്
![](https://calicutpost.com/wp-content/uploads/2024/01/6.jpg)
തിരുവനന്തപുരം : കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. നേമം,കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെയാണ് പേരു മാറ്റാനായി സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഈ ആവശ്യവുമായി കേരളം കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുണ്ട്.
നേമം റെയിൽവേ സ്റ്റേഷന്‍റെ പേര് തിരുവനന്തപുരം സൗത്ത് എന്നാക്കാനും കൊച്ചുവേളി സ്റ്റേഷന് തിരുവന്തപുരം നോർത്ത് എന്ന് പേര് നൽകാനുമാണ് സംസ്ഥാന സർക്കാർ ആവശ്യമുന്നയിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയിൽവേ വികസനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്‍റെ ഉപഗ്രഹ ടെർമിലിനലുകളായി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണു ഈ സ്റ്റേഷനുകളുടെ പേര് മാറ്റുന്നത്.
സ്റ്റേഷനുകളുടെ പേരുമാറ്റം സംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജർ നേരത്തെ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. സംസ്ഥാന സർക്കാർ ഈ ആവശ്യം അംഗീകരിച്ചു. തുടർന്നാണ് പേരുമാറ്റത്തിനായി സംസ്ഥാന ഗതാഗത വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനോട് ആവശ്യമുന്നയിച്ചിരിക്കുന്നത്.