റെയിൽപാത പരിഗണന ലിസ്റ്റിൽ മഞ്ചേരിയും മലപ്പുറവും
മലപ്പുറം: അരലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പുവരുത്താനുള്ള ഗതിശക്തി പദ്ധതിയുടെ പരിഗണന ലിസ്റ്റിൽ മഞ്ചേരിയും മലപ്പുറവും.
നിലവിൽ രാജ്യത്തെ 55 നഗരങ്ങളിലേക്ക് റെയിൽപാത നിർമ്മിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പുതിയ റെയിൽവേ ലൈൻ എത്തിക്കുന്നതിനുള്ള സാധ്യത അറിയിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് സോണൽ മാനേജർമാർക്ക് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ മലപ്പുറവും മഞ്ചേരിയും ഉൾപ്പെടെ നാല് നഗരങ്ങളുടെ പട്ടിക കേരളത്തിൽ നിന്ന് കൈമാറിയിട്ടുണ്ട്. മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നിവയാണ് ഈ നഗരങ്ങൾ.
ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങൾ നിലവിലുള്ള റെയിൽവേ ലൈനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ അഞ്ച് കിലോമീറ്ററിലധികം ദൂരത്താണെങ്കിൽ പരിഗണിക്കാം എന്നതാണ് പുതിയ റെയിൽവേ ലൈനുകളുടെ കാര്യത്തിൽ കേന്ദ്ര നയം. റെയിൽവേ ബോർഡിന്റെ കണക്കനുസരിച്ച് മലപ്പുറം നഗരത്തിന്റെ ജനസംഖ്യ 1,01,386 ഉം മഞ്ചേരിയുടെ ജനസംഖ്യ 97,102 ഉം ആണ്.