പാഠപുസ്തകങ്ങളുടെ അച്ചടി മന്ത്രി വി ശിവൻകുട്ടി വിലയിരുത്തി
തിരുവനന്തപുരം : പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മന്ത്രി വി ശിവൻകുട്ടി എറണാകുളം കാക്കനാട് കേരള ബുക്ക്സ് ആൻ്റ് പബ്ലിഷിംഗ് സൊസൈറ്റി (കെ ബി പി എസ്) സന്ദർശിച്ചു. പാഠപുസ്തകങ്ങളുടെ അച്ചടി അദ്ദേഹം നേരിട്ട് വിലയിരുത്തി. 1, 3, 5, 7, 9 ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. പുതിയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പും പഴയ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് ഒരു മാസം മുമ്പും വിതരണം ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും യൂണിയൻ നേതാക്കളുടെയും യോഗത്തിൽ തീരുമാനമായി.
2,4, 6, 8, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ പരിഷ്കരണം 2025 ജൂണിൽ യാഥാർഥ്യമാകുമെന്ന് എസ് സി ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാജഹാൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.