സംസ്ഥാനത്തെ ഓട്ടോ സ്റ്റാന്‍ഡുകളില്‍ യാത്രാനിരക്ക് ബോര്‍ഡ് സ്ഥാപിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അംഗീകൃത ഓട്ടോ സ്റ്റാന്‍ഡുകളിലും ഓട്ടോ യാത്രാനിരക്ക് തിരിച്ചറിയാനാകുന്ന വിധത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ നിര്‍ദേശം. ഓട്ടോറിക്ഷകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ അമിത യാത്രക്കൂലി വാങ്ങുന്നതായുള്ള വ്യാപക പരാതിയെ തുടർന്നാണ് നിര്‍ദേശം.

ഓട്ടോറിക്ഷകളില്‍ നിരക്കുപട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിയമത്തിന് പുറമേയാണ് സ്റ്റാന്‍ഡിലും ബോര്‍ഡ് വേണമെന്ന നിര്‍ദേശം വരുന്നത്. ഇതിനായി നടപടി സ്വീകരിക്കാന്‍ ആര്‍ ടി ഒ മാരോടും ജോയന്റ് ആര്‍ ടിഒമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കൃത്യമായ യാത്രക്കൂലി എത്രയെന്ന് അറിയാത്തതുമൂലം പലപ്പോഴും യാത്രക്കാര്‍ ചൂഷണം ചെയ്യപ്പെടുകയാണ്. മോട്ടോര്‍വാഹന വകുപ്പിന്റെ പുതുക്കിയ ഓട്ടോ യാത്രാനിരക്കാണ് പ്രദര്‍ശിപ്പിക്കേണ്ടത്. ഒപ്പം നിരക്ക് ഈടാക്കുന്നതിന്റെ മാനദണ്ഡം, രാത്രിയാത്രയില്‍ നിരക്കിലെ വ്യത്യാസം, കാത്തുനില്‍ക്കേണ്ടിവരുമ്പോഴുള്ള നിരക്ക് തുടങ്ങിയ വിവരങ്ങളും ഉണ്ടാകണം. താലൂക്ക് അടിസ്ഥാനത്തില്‍ സബ് ആര്‍ടിഓഫീസുകളുടെ നേതൃത്വത്തിലാണ് ഓട്ടോത്തൊഴിലാളി സംഘടനകളുടെ സഹായത്തോടെ നടപടികളെടുക്കുന്നത്.

Comments
error: Content is protected !!