മാനന്തവാടിയില്‍ ‘നഗര വനം’ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
മാനന്തവാടി: വയനാട്ടിലെ പ്രഥമ ‘നഗരവനം’ മാനന്തവാടി നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ഓഫീസ് കോമ്പൗണ്ടില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.
ടൂറിസം വികസനത്തിന് ഏറെ ഉപകാരപ്രദമായി മാറുന്നതാണ് പദ്ധതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് നഗരത്തോട് ചേര്‍ന്നുള്ള വനം വകുപ്പിന്റെ സ്ഥലത്ത് നഗര വനം പദ്ധതി നടപ്പിലാക്കുന്നത്.
പ്രവേശന കവാടം, നടപ്പാത, ഇരിപ്പിടങ്ങള്‍, ഏറുമാടം, മനോഹരമായ ലാന്റ് സ്‌കേപ്പിങ്ങ്, വിവിധയിനം പൂച്ചെടികള്‍, കഫ്റ്റീരിയ, ടിക്കറ്റ് കൗണ്ടര്‍, ശുചി മുറി, മൃഗങ്ങളുടെയും, പക്ഷികളുടെയും പ്രതിമകള്‍ എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അപൂര്‍വ്വ ഇനം പക്ഷികളുടെ ആവാസകേന്ദ്രവും, വിത്യസ്തമായ ഔഷധചെടികളുമുള്ള വനത്തിലൂടെയുള്ള നടത്തം വേറിട്ട അനുഭവമാണ് നല്‍കുക. പ്രകൃതിയെയും, പരിസ്ഥിതിഥിയെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവബോധം നല്‍കുന്നതിനും നഗര വനം കൊണ്ട് ലക്ഷ്യമിടുന്നുണ്ട്.
ഇവിടെയുള്ള വൃക്ഷങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങളും, പ്രത്യേകതകളെ കുറിച്ചും രേഖപ്പെടുത്തും. നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് വൈകുന്നേരങ്ങളില്‍ സമയം ചിലവിടുന്നതിനും ഇവിടെ സൗകര്യമൊരുക്കും. 600 മീറ്റര്‍ ദൂരം വരുന്ന മരങ്ങള്‍ക്കിടയിലൂടെയുള്ള നടപ്പാത പൊതുജനത്തിന് പ്രഭാത സവാരിക്കായും നല്‍കും. ബ്രിട്ടീഷ് ഭരണകാല ഓര്‍മകളുണര്‍ത്തുന്ന ഡി എഫ് ഒ ഓഫീസ്, ഡി എഫ് ഒ ബംഗ്‌ളാവ് എന്നിവയും കാഴ്ചക്കാര്‍ക്ക് കൗതുകമായി മാറുന്നതാണ്.
പ്രകൃതി സൗഹാര്‍ദ്ദപരമായി, പ്രകൃതി കോട്ടം തട്ടാതെ, പ്രകൃതി സംരക്ഷണം വരുത്തിക്കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്, അന്തര്‍സംസ്ഥാന പാതയായ മാനന്തവാടി- മൈസൂര്‍ റോഡരികിലായി ഒരുക്കുന്ന നഗര വനം വരും ദിവസങ്ങളില്‍ പൊതുജനത്തിനായി തുറന്ന് നല്‍കും.