പ്രതിരോധത്തിന്റെ താളത്തില്‍ ഉറഞ്ഞാടി തീക്കുട്ടിച്ചാത്തന്‍ തെയ്യം (കൊയിലാണ്ടി, കണയങ്കോട് കിടാരത്തില്‍ ക്ഷേത്രം )


എൻ വി ബാലകൃഷ്ണൻ


രസ്വതീയാമത്തില്‍ കുളിരും ചാറ്റല്‍ മഴയും ഇരുട്ടും ചേര്‍ന്ന് സൃഷ്ടിച്ച വന്യമായ പ്രകൃതിയില്‍, കീഴാളന്റെ പ്രതികാരവും പ്രതിരോധവുമായി കെട്ടിയാടിയ തീക്കുട്ടിച്ചാത്തന്‍ തെയ്യം നാടിന് വിസ്മയമായി.
കണയങ്കോട് കിടാരത്തില്‍ ക്ഷേത്രത്തിലാണ് തെയ്യങ്ങളിലെ അപൂര്‍വ്വതയായ തീക്കുട്ടിച്ചാത്തന്‍ ഉറഞ്ഞാടി അഗ്‌നിനൃത്തം ചെയ്ത് ജനങ്ങളെ വിസ്മയിപ്പിച്ചത്. നിധീഷ് കുറുവങ്ങാടെന്ന യുവാവായ കോലധാരിയാണ് തെയ്യം കെട്ടിയാടിയത്. അരങ്ങത്തെ തന്റെ നടന പാടവം കൊണ്ട് കാഴ്ചക്കാരെ നിധീഷ് അമ്പരപ്പിച്ചു കളഞ്ഞു. നിധീഷിന്റെ കൂട്ടത്തില്‍, ശ്രമക്കാരനായി കൂടെ നിന്നത് കന്നൂരിലെ രജീഷ് പണിക്കരായിരുന്നു. തീക്കുട്ടിച്ചാത്തനെ തോറ്റിയുണര്‍ത്താന്‍ തോറ്റം പാടിയ കാവുംവട്ടത്തെ അഭിരാം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രജീഷ്, നിധീഷ്, രാജേഷ് രജീഷ് എന്നിവര്‍ ചേര്‍ന്നാണ് ചമയം തീര്‍ത്തത്. നന്മണ്ടയിലെ എ കെ ബ്രദേഴ്‌സിലെ ചെണ്ട കലാകാരന്മാര്‍ തീര്‍ത്ത അസുരവാദ്യ താളത്തിനൊപ്പിച്ച് ചുവടൊത്ത് നൃത്തം ചെയ്തായിരുന്നു നിധീഷിന്റെ തെയ്യാട്ടം.

കഴിഞ്ഞ അഞ്ചു വര്‍ഷമായി നിധീഷ് തന്നെയാണ് ഈ ക്ഷേത്രത്തില്‍ തീക്കുട്ടിച്ചാത്തന്‍ തെയ്യം കെട്ടിയാടുന്നത്. തെയ്യത്തിന്റെ ഈറ്റില്ലമായ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ പതിവില്ലാത്ത തെയ്യമാണ് തീക്കുട്ടിച്ചാത്തന്‍. ജില്ലയിലെ കൊയിലാണ്ടി കോഴിക്കോട് താലൂക്കുകളിലെ ക്ഷേത്രങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഈ തെയ്യം കെട്ടിയാടുന്നത്. കണയങ്കോട് കിടാരത്തില്‍ ക്ഷേത്രത്തിന് പുറമെ ബാലുശ്ശേരി തച്ചം കണ്ടി. പൂക്കാട് അരിക്കിലാട് എന്നിവിടങ്ങളിലും തീക്കുട്ടിച്ചാത്തന്‍ തെയ്യമുണ്ട്. അപകട സാദ്ധ്യത കൂടുതലുള്ളതും നല്ല ശാരീരികക്ഷമതയും മനോബലവും ആവശ്യമുള്ളതുമായ തെയ്യമായതിനാല്‍ കോലധാരിയാകാന്‍ പുതുതലമുറക്കാര്‍ രംഗത്ത് വരുന്നത് വിരളം. അതുകൊണ്ടു കൂടിയാണ് നിധീഷിന്റെ തെയ്യം വലിയൊരു വിഭാഗം ആസ്വാദകരെ ആകര്‍ഷിക്കുന്നത്.

ഒരാഴ്ച മുമ്പ് ക്ഷേത്രത്തിലെത്തി വെറ്റിലയും അടക്കയും പണവും (നാണയം) ചേര്‍ന്ന അടയാളം കൈപ്പറ്റുന്നതോടെ നിധീഷ് തീക്കുട്ടിച്ചാത്തനായി വേഷപ്പകര്‍ച്ച ആരംഭിക്കും. പിന്നീടുള്ള ദിവസങ്ങള്‍ വ്രതശുദ്ധിയിലായിരിക്കും. മത്സ്യമാംസാദികള്‍ ഉപേക്ഷിക്കും. ഒറ്റക്ക് കഴിയും.

നിധീഷ് കുറുവങ്ങാട്

അണിയറയില്‍ നിന്ന് ഭാഗികമായി മാത്രമാണ് തീക്കുട്ടിച്ചാത്തന്‍ ഉടുത്തൊരുങ്ങുക. ബാക്കിച്ചമയങ്ങളെല്ലാം ക്ഷേത്രമുറ്റത്ത് മേലേരി(കനല്‍കുന)ക്കരികിലാണ്. അരക്ക് ചുറ്റിലുമായി കുത്തി നിര്‍ത്തുന്ന 16 വലിയ പന്തങ്ങളാണ് ചമയത്തിലെ മുഖ്യ ആകര്‍ഷണം. ശരീരത്തില്‍ തീപ്പെള്ളലേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന കുരുത്തോല പണ്ടങ്ങള്‍ കൊണ്ട് നെഞ്ചും പുറവുമൊക്കെ മൂടും. താടി, മീശ, തോട തൃക്കണ്ണ് എന്നിവ കൊണ്ടുള്ള മുഖശോഭ, തെച്ചിപ്പൂ കൊണ്ടുള്ള കയ്യാഭരണം കാലില്‍ ചിലമ്പും തണ്ടയും കുരുത്തോലകിരീടം എന്നിവയൊക്കെയാണ് വേഷം. അണിയറയില്‍ നിന്ന് കാല്‍ചിലമ്പും അരക്കെട്ടും മുഖത്തെഴുത്തുമൊക്കെ പൂര്‍ത്തിയാക്കി ക്ഷേത്രമുറ്റത്തെത്തുന്ന തീക്കുട്ടിച്ചാത്തനെ തോറ്റം ചൊല്ലി തോറ്റിയുണര്‍ത്തുന്ന മുറക്ക് മറ്റ് ആടയാഭരണങ്ങള്‍ അണിയിച്ച് ചുറ്റിലും പന്തം കുത്തി നിര്‍ത്തും. തോറ്റം മുറുകുന്നതോടെ കുട്ടിച്ചാത്തന്‍ ഉറഞ്ഞാടാന്‍ തുടങ്ങും പന്തങ്ങള്‍ ജ്വലിപ്പിക്കുന്നതോടുകൂടി ക്ഷേത്രത്തെ വലം വെച്ചു പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് ഒരു പീഠത്തില്‍ കയറി നിന്ന് മുഖവുര പറയും തുടര്‍ന്ന് ദ്രുത താളത്തിലുള്ള നൃത്തം ആരംഭിച്ച് മേലേരി കയ്യേല്‍ക്കും തുടര്‍ന്ന് ഊരു ചുറ്റി പ്രാര്‍ത്ഥിച്ച് അവസാനിപ്പിക്കും. കനല്‍ കൂനയില്‍ നടന്നും ആളിക്കത്തി ചിന്നിച്ചിതറുന്ന അഗ്‌നി ജ്വാലകള്‍ക്കിടയില്‍ ദ്രുത താളത്തില്‍ അപകടകരമാംവിധം നൃത്തം ചെയ്തും കാണികളെ വിസ്മയിപ്പിക്കും. മറ്റു കുട്ടിച്ചാത്തന്‍ തെയ്യങ്ങളിലുള്ളതു പോലെ പൂവും നീരും കൊടുക്കല്‍, മലക്കു പോകല്‍ തുടങ്ങിയ ആചാരങ്ങളൊന്നും തീക്കുട്ടിച്ചാത്തനില്‍ പതിവില്ല.

ദുര്‍മന്ത്രവാദത്തിലൂടെ, കീഴാളരുടെ ആരാധനാമൂര്‍ത്തിയായ ചാത്തനെ ബന്ധിച്ച് 390 കഷണങ്ങളാക്കി അഗ്‌നികുണ്‍ഠങ്ങളില്‍
ദഹിപ്പിച്ചില്ലാതാക്കാന്‍ ശ്രമിച്ച കാളകാട്ടില്ലത്തെ നമ്പൂതിരിയെ തന്റെ ശക്തിവൈഭവം കൊണ്ട് കീഴ്‌പ്പെടുത്തിയ ആരാധനാ മൂര്‍ത്തിയാണ് കുട്ടിച്ചാത്തന്‍. 390 മാംസ തുണ്ടുകളാക്കി 21 അഗ്‌നികുണ്ഡങ്ങളില്‍ ദഹിപ്പിക്കുന്നതിനിടയില്‍ തെറിച്ചു പോയി പൂക്കളില്‍ വീണ മാംസതുണ്ടുകള്‍ പൂക്കുട്ടിച്ചാത്തന്മാരായി. കരിയില്‍ വീണ തുണ്ടുകള്‍ കരിങ്കുട്ടിച്ചാത്തന്മാരായി. പറന്നു പോയ തുണ്ടുകള്‍ പറക്കുട്ടിച്ചാത്തന്മാരായി. തീയില്‍ വീണ തുണ്ടുകള്‍ തീക്കുട്ടിച്ചാത്തനായി. കുട്ടിച്ചാത്തന് അങ്ങിനെ 390 അംശ രൂപങ്ങളുണ്ടായി. അതില്‍ രൗദ്ര ഭാവത്തിന്റെ മൂര്‍ത്തിമദ് ഭാവമാണ് തീക്കുട്ടിച്ചാത്തന്‍.

ദഹിച്ച് വെണ്ണീറായിപ്പോകുന്ന ചൂടില്‍, കനല്‍ കൂനകളില്‍ നൃത്തം ചെയ്ത് ബ്രാഹ്മണ്യത്തെ വെല്ലുവിളിക്കുകയും കീഴാളന്റെ നെഞ്ചിനകത്തെ കനല്‍ കട്ടകളില്‍ വെന്തു തീരാനുള്ളതാണ് ബ്രാഹ്മണ്യം എന്ന് പ്രതീകാത്മകമായി പ്രഖ്യാപിക്കുകയുമാണ് തീക്കുട്ടിച്ചാത്തന്‍ തെയ്യം.
ഈ തെയ്യത്തിന്റെ പ്രത്യേകതകള്‍ കേട്ടറിഞ്ഞ് ജില്ലക്ക് പുറത്തു നിന്ന് പോലും ധാരാളം കാണികള്‍ എത്തിയിരുന്നു. തെയ്യത്തിന്റെ ദൃശ്യഭംഗി പകര്‍ത്താന്‍ സിനിമാ മേഖലയില്‍ നിന്നുമുള്ളവരും മറ്റു മാധ്യമപ്രവര്‍ത്തകരും വലിയ ചിത്രീകരണസന്നാഹങ്ങളുമായി എത്തിയതും ശ്രദ്ധേയമായി.

Comments
error: Content is protected !!