പിഷാരികാവിലെ ആയിരവൈശ്യ ചെട്ടിമാർ; ഐതീഹ്യവും ചരിത്രവും
– എൻ വി ബാലകൃഷ്ണൻ
കുംഭം പത്തിന് കാളിയാട്ടം കുറിച്ചു കഴിഞ്ഞാൽ പിഷാരികാവിൽ നിന്നൊരാൾ തലശ്ശേരിക്ക് പോകും. വലിയ വീട്ടിൽ സുബ്രഹ്മണ്യൻ, എന്നൊരാളെ ഓലയിലുള്ള ക്ഷണപത്രം കൊടുത്ത് ക്ഷണിക്കും. ഓല കൊടുക്കൽ എന്നാണതിന് പറയുക. ഒരു പക്ഷേ നൂറ്റാണ്ടുകളായി ഇതേ മേൽവിലാസത്തിലാണ് ഓല കൊടുക്കുന്നത്. ആരാണീ വലിയവീട്ടിൽ സുബ്രഹ്മണ്യൻ?
മേൽവിലാസത്തിൽ പറയുന്ന സുബ്രഹ്മണ്യൻ ഭൂമുഖത്തില്ല. ഒരു പക്ഷേ ഇഹലോകവാസം വെടിഞ്ഞിട്ട് ഒരു നൂറ്റാണ്ടെങ്കിലും ആയിക്കാണും. തലശ്ശേരി പാറാലിലും മറ്റുമായി ഇവരുടെ പിൻമുറക്കാർ താമസിക്കുന്നുണ്ട്. മിക്കവാറും കുടുംബങ്ങളിപ്പോൾ തിരിപ്പൂരിൽ പലവിധ വ്യാപാരങ്ങളിൽ എർപ്പെടുന്നവരാണ്. സുബ്രഹ്മണ്യനും അയാളുടെ ആയിര വൈശ്യച്ചെട്ടി ഗോത്രത്തിനും ക്ഷേത്രവുമായുള്ള ബന്ധമെന്താണ്?
ഭഗവതിയുടെ നാന്തകം എഴുന്നള്ളിക്കുമ്പോൾ ആനക്ക് മുമ്പിലായി ഷർട്ട് ധരിക്കാതെ പൂണൂലിട്ട് വർണ്ണക്കസവു തുണികൾ കൊണ്ട് തലേക്കെട്ട് കെട്ടി പ്രൗഢമായ ഭാവപ്രകടനങ്ങളോടെ കുറേപ്പേർ നിൽക്കുന്നത് കാണാം. ‘അകമ്പടിച്ചെട്ടിമാർ’ എന്നാണ് ഇവർ അറിയപ്പെടുക. (ഇടതു വശത്ത് ആയിരവൈശ്യച്ചെട്ടിമാരും വലത് വശത്ത് ശൈവവെള്ളാളപ്പിള്ളമാരുമാണ് അണിനിരക്കേണ്ടത്. എന്നാൽ പിള്ളമാർ ഒരുപാട് വർഷമായി ചടങ്ങിന് എത്തുന്നില്ല).അടുത്തു പോയി ശ്രദ്ധിച്ചാൽ തമിഴ് ഭാഷയിലാണവർ സംസാരിക്കുന്നത് എന്ന് മനസ്സിലാകും. എഴുന്നള്ളത്ത് ആരംഭിക്കുമ്പോൾ ഇവർ ചില മന്ത്രങ്ങളോ ശ്ലോകങ്ങളോ ചെല്ലുന്നത് കേൾക്കാം.
“ആദിമുതൽ കാവേരിപ്പൂമ്പട്ടണത്തിൽ,
ആയിരവങ്കിഷത്തിൽ
അരിയ കണ്ണകെയ് അമ്മനാവകേ
താൻ പിറന്ത അതിരൂപമാനപൊഴുതാൻ”
എന്ന് തുടങ്ങുന്ന ഒരു വിരുത്ത(ശ്ലോകം) മാണിവർ ചൊല്ലിത്തുടങ്ങുക. ചിലപ്പതികാരത്തിലെ കണ്ണകീ സ്തുതികളാണിതിൽ പലതും. വടക്കൻ കേരളത്തിലെ ഒരു പ്രമുഖ ഭഗവതിക്കാവിൽ സമാദരണീയരായി കണക്കാകാൻ മാത്രം ഇവരാരാണ്? പിഷാരികാവിൽ നിന്ന് ഓല കൊടുത്ത് ക്ഷണിച്ചു വരുത്തി താമസ സൗകര്യവും ഭക്ഷണവുമൊക്കെ ദേവസ്വം വകയായി നൽകി ആദരിക്കുന്ന ഇവർക്ക്, പിഷാരികാവുമായുള്ള ബന്ധമെന്താണ് ? അന്വേഷണം ഒരു പക്ഷേ നൂറ്റാണ്ടുകൾ പിന്നോട്ട് സഞ്ചരിക്കേണ്ടിവരും. ഒരു കുറിപ്പിലൂടെ അവസാനിപ്പിക്കാനുമാവില്ല അവയൊന്നും.
കഥ കണ്ണകി കോവലൻ പതിവുചരിതങ്ങളിൽ നിന്ന് തുടങ്ങും. മധുരയാകെ എരിച്ച് ഉഗ്ര രൗദ്രരൂപിണിയായ കണ്ണകി ആദ്യം കുമിളിയിലും പിന്നീട് തെക്കൻ കൊല്ലത്തും കുടിയിരിക്കുന്നു. വൈരവ്യാപാരികളായ ആയിരവൈശ്യന്മാർ എന്ന ചെട്ടിഗോത്രങ്ങളുടെ കുലദേവതയായിരുന്നു കണ്ണകി. തിരുവിതാംകൂർ രാജാവിനേക്കാൾ ധനാഢ്യരായ ചെട്ടിമാരുടെ പ്രതാപം അവസാനിപ്പിക്കാൻ അവരുടെ സമ്പത്തിന്റെ വലിയ ഭാഗം രാജാവ് കപ്പമായി ആവശ്യപ്പെടുന്നു. അത് നൽകാൻ കൂട്ടാക്കാതിരുന്ന പ്രതാപികളായ ചെട്ടിമാരുമായി രാജാവ് ഏറ്റുമുട്ടുന്നു. അവരുടെ സ്ത്രീകളെ രാജകിങ്കരന്മാർ കൂട്ടത്തോടെ കൊന്നൊടുക്കുന്നു. തിരുവിതാംകൂർ രാജ്യം വിട്ട് എങ്ങോട്ടെങ്കിലും പോകാൻ ചെട്ടിമാർ തീരുമാനിക്കുന്നു. അവർ പത്തേമാരികളിൽ സ്വണ്ണവും രത്നങ്ങളും വൈരക്കല്ലുകളുമൊക്കെ നിറച്ച് വടക്കോട്ട് കടൽ മാർഗ്ഗം സഞ്ചരിക്കുന്നു. തങ്ങളുടെ സർവൈശ്വര്യങ്ങൾക്കും കാരണഭൂതയായ കണ്ണകിയെ ഒരു വാളിൽ(നാന്തകം) ആവാഹിച്ച്, യഥാവിധി കർമ്മങ്ങൾ ചെയ്ത് അവർ കൂടെ കൊണ്ടുപോകുന്നു. ഇന്നത്തെ പാറപ്പള്ളിക്കും ഗുരുപുണ്യകാവിനുമിടയിലായി കടൽ ശാന്തമായ ഒരു തുറമുഖം അവരുടെ ശ്രദ്ധയിൽപ്പെടുന്നു. കപ്പലുകൾ കടലിടുക്കിലേക്ക് കയറി നങ്കൂരമിടുകയും ചരക്ക് നിറച്ച് പുറം കടൽ തേടിപ്പോകുകയും ചെയ്യുന്ന ഈ പ്രകൃതിദത്ത തുറമുഖം അവർക്കേറെ ഇഷ്ടപ്പെടുന്നു. തങ്ങളുടെ വ്യാപാരങ്ങൾക് പറ്റിയ ഇടമാണെന്ന് മനസ്സിലാക്കി, പത്തേമാരി തീരമടുപ്പിച്ച് അവർ വിശ്രമിക്കുന്നു. തുറമുഖത്തുള്ളവരോട് ഇത് ഏത് രാജ്യമാണെന്നും ആരാണ് രാജാവെന്നും അന്വേഷിക്കുന്നു. കുറുമ്പ്രനാട് രാജാവിന്റെ അധീനതയിലുള്ള കുറുമ്പ്രനാട് രാജ്യത്താണ് തങ്ങളെത്തിയതെന്ന് മനസ്സിലാകുന്നു. ഗോത്രാധിപരായ കാരണവന്മാർ രാജാവിനെ കണ്ട് വണങ്ങി രത്നങ്ങളും മറ്റും കാണിക്ക വെച്ച് തങ്ങൾക്ക് ദേവിയെ കുടിയിരുത്താനും കുടിപാർക്കാനും വ്യാപാരം നടത്താനുമുള്ള ഭൂമിയും സഹായങ്ങളും ആവശ്യപ്പെടുന്നു. പ്രദേശത്തെ നാടുവാഴിയായ കോമത്തോർക് ഓല കൊടുത്തയച്ച് രാജാവ് ഇവരെ പന്തലായനിയിലേക്ക് തിരികെ അയക്കുന്നു. കോമത്തോരെ പ്രസാദിപ്പിച്ച് ആവശ്യമായ ഭൂമിയും സഹായങ്ങളും വില കൊടുത്ത് വാങ്ങി അവർ ദേവിയെ കുടിയിരുത്തുകയും ഇവർ എട്ടു കുടുംബങ്ങളിലായി കുടി വെച്ച് പാർപ്പ് തുടങ്ങുകയും ചെയ്യുന്നു. ദേവീപൂജകൾ നടത്തിയിരുന്ന മുതിർന്ന ചെട്ടിയാർ ഒരു വിഷഹാരി കൂട്ടിയായിരുന്നത്രേ. അതുകൊണ്ട് കണ്ണകിയെ പ്രതിഷ്ഠിച്ച കാവ് വിഷാരികാവാകുകയും പിന്നീടത് പിഷാരികാവ് എന്നറിയപ്പെടുകയും ചെയ്തു.
ഒരു പാട് സംവത്സരങ്ങൾ അവർ ഇവിടെ സന്തോഷത്തോടെ കച്ചവടം ചെയ്ത് കുടിപാർത്തു. പന്തലായനി തുറമുഖം നാശോന്മുഖമായതോടെ അവർ പ്രയാസത്തിലായി. തങ്ങളുടെ വിദേശവ്യാപരത്തിന് വിഘ്നം വന്നതോടെ ഒരു കുടുംബത്തെ ക്ഷേത്രപരിപാലനമേൽപ്പിച്ച് ഏഴ് കുടുംബങ്ങൾ തമിഴകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയി. ദേവീ പരിപാലനത്തിനായി പിഷാരികാവിൽ തങ്ങിയ കുടുംബത്തിന് അവർ ധനമായും സാധനങ്ങളായും സമ്മാനങ്ങളായും എത്തിച്ചു കൊണ്ടിരുന്നെങ്കിലും അവർക്കും അവരുടെ പരമ്പരാഗത തൊഴിലായ വ്യാപാരത്തിന് പോകണം എന്ന് ആശ വന്നു. അതോടെ ദേശത്തെ പ്രാപ്തരായ എട്ടു നായർ കുടുംബങ്ങൾക്ക് ക്ഷേത്ര ഊരായ്മ കൈമാറി. വ്യാപാരത്തിലൂടെ സമ്പന്നരായ ഇവർ കാവ് പരിപാലനത്തിനും മറ്റുമായി സഹായങ്ങൾ ചെയ്തു വന്നു. കാവിലെ ഉത്സവത്തിനും മറ്റ് വിശേഷ ദിവസങ്ങളിലും പിഷാരികാവിലെത്തി ദേവിക്ക് കാണിക്കയർപ്പിച്ച്, ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പങ്കുകൊണ്ട്, സായൂജ്യമടഞ്ഞ് തിരിച്ചുപോയ്കൊണ്ടിരുന്നു. ഒരുപാട് തലമുറകൾ കടന്നുപോയെങ്കിലും പിഷാരികാവിലെ ഉത്സവ ദിനങ്ങളിൽ ദേവിയുടെ നാന്തകം പുറത്തെഴുന്നള്ളിക്കുന്ന വലിയവിളക്ക്, കാളിയാട്ടം ദിവസങ്ങളിൽ അവരെത്തി ദേവിയുടെ പുറത്തെഴുന്നള്ളത്തിന് അകമ്പടി സേവിക്കും. അങ്ങിനെയാണവർ അകമ്പടിച്ചെട്ടിമാരായി അറിയപ്പെട്ടത്. അകമ്പടിക്കാരായും ആചാര അനുഷ്ഠാനങ്ങളിലെ പങ്കാളികളായും, കേരളം തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ദേശങ്ങളിൽ നിന്ന് നൂറ് കണക്കിന് ചെട്ടിമാർ പിഷാരികാവിലെത്തുന്നു. ഇത്തവണയും നൂറിലധികം ആളുകൾ എത്തിയിട്ടുണ്ട്. ചെട്ടിമഠം എന്ന പിഷാരികാവിലെ കാളിയാട്ട പറമ്പിന്റെ തെക്കുഭാഗത്തെ വീട്ടിലും, കൊയിലാണ്ടി കോഴിക്കോട് എന്നിവിടങ്ങളിലെ ഹോട്ടലുകളിലുമായി അവർ താമസിക്കുന്നു. ഇപ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു കുടുംബം താമസിക്കുന്ന വീടാണ് ചെട്ടിമഠം. ഉത്സവ ദിവസങ്ങളിൽ ചെട്ടിമാർക്ക് താമസിക്കാനായി ഈ വീട് ഒഴിഞ്ഞു കൊടുക്കുകയോ ഏതാനും മുറികളും അടുക്കളയും വിട്ടു കൊടുക്കുകയോ ആണ് പതിവ്. ക്ഷേത്രാഭിവൃദ്ധിക്ക് വേണ്ടി നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ലോഭ ലേശമില്ലാതെ സഹായിക്കുന്നതിന്നും ഇവർക്ക് മടിയൊന്നുമില്ല. ക്ഷേത്രമുറ്റത്ത് ഇവരുടെ സ്ത്രീകൾ ഇരുന്ന് ഉത്സവം കണ്ടിരുന്ന ‘ചെട്ടിത്തറ’, ഇതിനൊക്കെ സാക്ഷിയായി ഇപ്പോഴും നിലകൊള്ളുന്നുണ്ട്.
തമിഴ് രാജവംശമായ ചേരചോളസാമ്രാജ്യങ്ങളുടെ ഭാഗമായിന്നല്ലോ ഒരു കാലത്ത് കേരള ദേശവും. അക്കാലത്തെ കണ്ണകീചരിതം സവിശേഷമായ പഠനം ആവശ്യപ്പെടുന്ന ഒന്നാണ്. കണ്ണകിയുടെ ചരിത്രവും കേരളത്തിലെ ഭഗവതിക്കാവുകളും തമ്മിൽ വലിയ സാമ്യവും ബന്ധവുമുണ്ട്. കൊടുങ്ങല്ലൂർ ഭഗവതിയെ ഇന്നും കണ്ണകീ സ്വരൂപമായിയായി ആരാധിക്കുന്നവരുണ്ട്. തമിഴ്നാട് കേരളാ അതിർത്തിയിൽ തർക്കത്തിലുള്ള മംഗളാ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠയും കണ്ണകിയുടേതാണന്ന് കരുതുന്നു. വടക്കേ മലബാറിൽ ഭഗവതിക്കാവുകളില്ലാത്ത ഗ്രാമങ്ങളുണ്ടാവില്ല. മലബാറിലെ രൗദ്രഭാവത്തിലുള്ള ഭദ്രകാളീക്ഷേത്രമാണല്ലോ പിഷാരികാവ്. ഇവിടത്തെ പ്രതിഷ്ഠയും കണ്ണകീ സ്വരൂപങ്ങളും തമ്മിൽ ഒരുപാട് സാമ്യങ്ങളും ബന്ധങ്ങളും ഉള്ളതായി ചരിത്രകാരന്മാർക്കിടയിൽ നേരത്തെ തന്നെ അഭിപ്രായങ്ങളുണ്ട്. ചേര കാലഘട്ടത്തിലെ സമ്പന്നരും വർത്തക പ്രമാണിമാരുമായ ചെട്ടിമാരുടെ കുലദേവതയായിരുന്നത്രേ കണ്ണകി. പിഷാരികാവ് ക്ഷേത്രത്തിന് മുമ്പിലുള്ള നഗരേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവനാണ്. പിഷാരികാവിലും ശിവ ചൈതന്യമുണ്ട്. കിഴക്കോട്ട് ദർശനം തരുന്നത് ശിവനാണ്. വടക്കോട്ട് ദർശനം തരുന്നത് ഭഗവതിയും. നഗരേശ്വര ക്ഷേത്രം മലബാറിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായാണ് ചരിത്ര പണ്ഡിതന്മാർ കണക്കാക്കുന്നത്. പിഷാരികാവിലെ മറ്റൊരു ദൈവസങ്കല്പം ഗണപതിയാണ്. പിന്നെ ഭദ്രനെ കാളിയുടെ ഭൂതഗണങ്ങളും. എല്ലാം ശൈവാരാധനയുമായി ബന്ധപ്പെടവയാണ്.
ചെട്ടിമാർ എന്ന് സംബോധന ചെയ്യുന്നത് യഥാർത്ഥത്തിൽ ആരെയൊക്കെയാണ്? ശെട്ട് എന്നാൽ വ്യാപാരം; വ്യാപരം ചെയ്യുന്നയാൾ ശെട്ടിയാർ.ഇവർ ഒരു ജാതി വിഭാഗമാണോ? ഉയർന്ന ജാതിവിഭാഗങ്ങളിൽ മുതൽ കീഴാള വിഭാഗങ്ങളിൽ വരെ ചെട്ടിമാരുണ്ട്. പിഷാരികാവിലെ ചെട്ടിമാരെ പൂണൂൽ ധരിച്ചാണ് കാണപ്പെടുക. ഇവർ തങ്ങൾ ആയിരവൈശ്യ വിഭാഗത്തിൽപെട്ടവരാണെന്ന് അവകാശപ്പെടുന്നവരാണ്. തങ്ങളുടെ സ്ത്രീകളെ കൂട്ടത്തോടെ രാജാവ് കൊന്നൊടുക്കിയതിനെ തുടർന്ന് പെണ്ണുകെട്ടാൻ വഴിയില്ലാതായെന്നും തുടർന്ന് ശൈവവെള്ളാള പിള്ളമാരിൽ നിന്നും വിവാഹ ബന്ധമാകാമെന്ന് നിശ്ചയിക്കുകയായിരുന്നെന്നും ഇവർ പറയുന്നു. എന്നാൽ ഇവരാരും ഒരേ ഗോത്രത്തിൽ നിന്ന് വിവാഹം കഴിക്കാറില്ല. പൂണൂൽ ധരിക്കുന്നവരും അല്ലാത്തവരും മത്സ്യമാംസാദികൾ ഭക്ഷിക്കുന്നവരും അല്ലാത്തവരും എന്നിങ്ങനെ നാനാ വിഭാഗത്തിലുള്ള ചെട്ടിമാരുണ്ട്. പിഷാരികാവിലെ അവകാശികളായ ചെട്ടിമാർ മത്സ്യമാംസാദികൾ ഭക്ഷിക്കാത്തവരും ഉപനയനം നടത്തി, പൂണൂൽ ധരിക്കുന്നവരുമാണ്. അത് തങ്ങളുടെ ആഢ്യത്വത്തിന്റെ അടയാളമായി അവർ കണക്കാക്കുന്നു.
ജാതി ശ്രേണിയിലെ മിക്കവാറും എല്ലാ വിഭാഗത്തിലും ചെട്ടിമാരെക്കാണാം. കീഴാള വിഭാഗങ്ങളിൽ പപ്പടച്ചെട്ടി, എരുമച്ചെട്ടി, ചാലിയച്ചെട്ടി, വാണിയച്ചെട്ടി എന്നിങ്ങനെ ധാരാളം വിഭാഗങ്ങളുണ്ട്. ഇവരെല്ലാം പൊതുവേ പ്യാപാരവാണിജ്യാദികൾ തൊഴിലാക്കിയവരായിരിക്കും. വിദേശ വ്യാപാരമുൾപ്പെടെ നിയന്ത്രിച്ച അതിസമ്പന്നരായ ചെട്ടിമാരുണ്ട്. കേന്ദ്ര ധനകാര്യന്ത്രിയായിരുന്ന പി ചിദംബരം, ചെട്ടിയാരാണ്. ചെട്ടിനാട് സിമന്റ്സിന്റെ ഉടമയും വ്യവസായിയുമായ എം എ എം രാമസ്വാമി, ചെട്ടിയാരാണ്. സ്വർണ്ണം,രത്നങ്ങൾ, പട്ട്, ആനക്കൊമ്പ്, കുരുമുളക് പോലുളള സുഗന്ധദ്രവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്തു കൊണ്ടിരുന്ന അതിസമ്പന്നരാണിവരിൽ ചിലർ. എന്നാൽ അതത് സമുദായഘടനക്കകത്ത് മറ്റു വ്യാപാരത്തിലേർപ്പെട്ട ധാരാളം ചെട്ടിമാരുണ്ട്. പപ്പടച്ചെട്ടിമാർ പപ്പടമുണ്ടാക്കി വിൽക്കുന്നവരും ചാലിയച്ചെട്ടിമാർ തുണിയുണ്ടാക്കി വിൽക്കുന്നവരും വാണിയച്ചെട്ടിമാർ എണ്ണയുണ്ടാക്കി വിൽക്കുന്നവരും എരുമച്ചെട്ടിമാർ എരുമ വളർത്തി പാലും പാലുല്പന്നങ്ങളും വിൽക്കുന്നവരുമാണല്ലോ. വയനാട്ടിലൊക്കെ കൃഷി ചെയ്ത് ധാന്യങ്ങളുണ്ടാക്കി വിൽക്കുന്ന ചെട്ടിമാരുണ്ട്. വയനാട്ടിൽ ചെട്ടിമാരുടെ പേരിൽ വനത്തിനകത്ത് ചെട്ട്യാലത്തൂർ എന്നൊരു ഗ്രാമം തന്നെയുണ്ട്. ഇവരുടെയെല്ലാം പ്രധാന ആരാധനാ മൂർത്തി ശിവനാണ്. ശൈവവെള്ളാള വിഭാഗങ്ങൾ, വൈശ്യവണിക വിഭാഗങ്ങൾ തുടങ്ങി ഇന്നത്തെ തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടിയേറിയവരാണിവരിൽ പലരും. ശിവനും ശിവസ്വരൂപങ്ങളുമായ ദൈവാരാധനയാണ് ഇവർക്കിടയിൽ പ്രധാനം.
മറ്റൊരു പ്രധാന ആരാധനാ മൂർത്തി കണ്ണകിയാണ്. ഇവരെക്കുറിച്ചുള്ള ആദ്യ ചരിത്രരേഖകളിലൊന്ന് തെക്കൻ കൊല്ലവുമായി ബന്ധപ്പെട്ട ജൂതപട്ടയങ്ങളാണ്. ‘അഞ്ചുവണ്ണം മണിഗ്രാമം, ഒക്കെ പ്രശസ്തമാണല്ലോ. ചേരകാലത്തെ വ്യാപാരവുമായി ബന്ധപ്പെട്ട ചില ശിലാലിഖിതങ്ങൾ പിഷാരികാവിനടുത്ത പാറപ്പള്ളിയിലുണ്ട്. ക്രിസ്തുവിന് ശേഷം ഒമ്പത്തോ പത്തോ ശതകത്തിലേതായിരിക്കാം അവ എന്ന് എം ജി എസ് നാരായണനെപ്പോലുള്ള ചരിത്രപണ്ഡിതന്മാർ പറയുന്നു. ഇതേ കാലത്തെ പെരുവമ്പ് ശിലാലിഖിതങ്ങളിലും ഇവരെ കുറിച്ചും ഇവർ നടത്തിയ വ്യാപാരത്തെക്കുറിച്ചുമുള്ള പരാമർശങ്ങൾ ഉള്ളതായി പറയുന്നു. ഇളയിടത്ത് തറവാട്ടിലെ ഒരു ശിലാലിഖിതമുണ്ട്. തമിഴകത്തെ വർത്തക പ്രമാണിമാർക്ക് പന്തലായനി കൊല്ലവുമായി ഉണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ച് അതിൽ പരാമർശമുള്ളതായിപ്പറയുന്നു. വയനാട്ടിലെ ഇടക്കൽ പ്രദേശത്ത് ചെട്ടിമാരുടെ അധിവാസത്തെക്കുറിച്ചുള്ള ഒരു പാട് വിവരങ്ങളുണ്ട്. അവർ നടത്തിയിരുന്ന ‘പുലിക്കുത്ത്’, എന്ന ആചാരം പ്രസിദ്ധമാണ്. പിഷാരികാവും പാറപ്പള്ളിയും പന്തലായനി തുറമുഖവുമൊക്കെ ഉൾപ്പെട്ട പ്രദേശം കുറുമ്പ്രനാട് രാജ്യമായിരുന്നു. കുറുമ്പ്രനാട് രാജവംശത്തിന്റെ അധീനതയിലായിരുന്നു വയനാടുൾപ്പെട്ട കുറുമ്പ്രനാട് രാജ്യം എന്നോർക്കണം. അതിൽ ഉൾപ്പെട്ടതാണ് പിഷാരികാവും പന്തലായനി തുറമുഖവും.
രത്നം,സ്വർണ്ണം,ആനക്കൊമ്പ്, കുരുമുളക് എന്നിവയുടെ കടൽ കടന്ന വ്യാപാരവുമായി ബന്ധപ്പെട്ട് പന്തലായനി തുറമുഖത്ത് ചെട്ടിമാർ സ്ഥിരതാമസമാക്കിയതിനും തുറമുഖം വഴി അവർ വിദേശ വ്യാപാരം നടത്തിയതിനും കൃത്യമായ തെളിവുകളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല. എന്നാൽ പന്തലായനി പ്രമുഖമായ ഒരു വ്യാപാര തുറമുഖമായിരുന്നുതാനും. അകലാപ്പുഴയ്ക്ക് മന്ദമംഗലം പാതിരിക്കാട് ഭാഗത്ത് ഒരു അഴി ഉണ്ടായിരുന്നതായി ചരിത്ര ഗവേഷകർ കരുതുന്നുണ്ട്. അകലാപ്പുഴയിലുടെ ധാരാളം മലഞ്ചരക്കുകൾ ഈ അഴിമുഖത്തെത്തിയതായും പന്തലായനി തുറമുഖം വഴി കടൽ കടന്നതായും ചരിത്രപണ്ഡിതർ കരുതുന്നു. ഇവിടെയൊക്കെ ചെട്ടിമാരുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന് ധാരാളം തെളിവുകളുണ്ട്. പന്തലായനി സ്ഥിരതാമസമാക്കിയ ചെട്ടിമാരുടെ കുലദേവതയായിരുന്നു പിഷാരികാവിലമ്മ എന്ന് ഇന്ന് നാം വിളിക്കുന്ന കണ്ണകീ സ്വരൂപമായ ഭഗവതി എന്നൊരു കാഴ്ചപ്പാട് ചരിത്ര പഠന കുതുകികൾ മുന്നോട്ടു വെക്കുന്നുണ്ട്. തങ്ങളുടെ എല്ലാ വ്യാപാര ഐശ്വര്യങ്ങൾക്കും കാരണഭൂതയായത് ഈ കണ്ണകിയായും ഭദ്രകാളിയായും ഭഗവതിയായും ഒക്കെ ചരിത്രത്തിൽ അറിയപ്പെട്ട തങ്ങളുടെ കുലദേവതയാണെന്ന് അവർ ഇന്നും വിശ്വസിക്കുന്നു. പിന്നീട് പന്തലായനി തുറമുഖം നാശോന്മുഖമായതോടെ ഇവർ ചിതറിത്തെറിച്ച് പല ദേശങ്ങളിലേക്ക് കുടിയേറി. മധുര, തിരുച്ചി,കോയമ്പത്തൂർ തുടങ്ങിയ പല നഗരങ്ങളിലും ഇവർ വർത്തക പ്രമാണിമാരായി മാറി. ഇവരുടെ പൂർവ്വികർ തെക്കൻ കൊല്ലവുമായി ബന്ധമുള്ളവരായിരുന്നു എന്നതിനും തെളിവുകളുണ്ട്. പിഷാരികാവിന് ഏതാണ്ട് നാല് അഞ്ച് നൂറ്റാണ്ടുകളുടെ പഴക്കമേ ചരിത പണ്ഡിതന്മാർ കാണുന്നുള്ളൂ. അതിനു മുമ്പു തന്നെ ഇവിടെ ശക്തമായ ശിവാരാധന പാരമ്പര്യമുണ്ടായിരുന്നു എന്നാണ് നഗരേശ്വര ക്ഷേത്രം സാക്ഷ്യപ്പെടുത്തുന്നത്.
ഇന്നത്തെ ക്ഷേത്ര ഊരാളന്മാരായ എട്ടു കുടുംബങ്ങളെ (അതോ നാലോ?) കയ്യേൽപ്പിച്ചാവാം ഇവരിലൊരു വിഭാഗം മേൽ നഗരങ്ങളിലേക്ക് തിരിച്ചു പോയതെന്ന് പറയുന്നു. ഇവരിലൊരു വിഭാഗം കേരളത്തിൽ പലയിടത്തായി പാർത്തു വരുന്നുമുണ്ട്. അതിലൊരാളാണ് തലശ്ശേരിയിലെ വലിയ വീട്ടിൽ സുബ്രഹ്മണ്യൻ. ഒരു നൂറ്റാണ്ട് മുമ്പ് മരിച്ചു പോയ അദ്ദേഹത്തെയാണ് ഇപ്പോഴും കാളിയാട്ടം കുറിച്ചാൽ ഓല കൊടുത്ത് (ക്ഷണക്കത്ത്) ക്ഷണിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള പിഷാരികാവുമായി ബന്ധമുള്ള കുടുംബങ്ങൾ അതോടെ കാളിയാട്ടം അറിയും. കാളിയാട്ടത്തിന് മാത്രമല്ല നവരാത്രി, തൃക്കാർത്തിക പോലുള്ള ആഘാഷങ്ങൾക്കും ഇവർ ക്ഷേത്രത്തിലെത്തും. വലിയ ധനാഢ്യരായ ഇവർ ക്ഷേത്രാഭിവൃദ്ധി ലക്ഷ്യം വെച്ച് കയ്യയച്ച് സംഭാവന ചെയ്യാറുമുണ്ട്. ഉത്സവം കാണുന്നതിനും വിശ്രമിക്കാനും ക്ഷേത്രമുറ്റത്ത് പണിത ചെട്ടിത്തറ,കാരണവത്തറക്ക് പടിഞ്ഞാറായി കിഴക്കുഭാഗത്ത് വിശേഷിച്ച് കേടുപാടുകളൊന്നുമില്ലാതെ നിലനിൽക്കുന്നുണ്ട്. പിഷാരികാവും കണ്ണകി ആരാധനയും ഇവരുടെ പങ്കാളിത്തവും സംബന്ധിച്ച് തമിഴ്നാട്ടിലെ മധുര കാമരാജ് യൂണിവേഴ്സിറ്റായിലെ ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ഗവേഷണ പ്രബന്ധം സമർപ്പിച്ചതായി പറയപ്പെടുന്നു. ഇതിന്റെ മലയാള പരിഭാഷ ലഭ്യമാക്കാനുള്ള നീക്കങ്ങളും നടന്നുവരുന്നുണ്ട്. 1980 ൽ ക്ഷേത്ര ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ പ്രധാന കവാടം നിർമ്മിച്ചപ്പോൾ അത് തമിഴ് ശൈലിയിൽ പണി തീർത്തതും ചിലർ ചൂണ്ടികാട്ടുന്നുണ്ട്.
എന്നാൽ ഇതൊന്നും വിശ്വസിനീയമല്ലന്നും തിരുവിതാകൂർ രാജവംശവുമായി തെറ്റിപ്പിരിഞ്ഞ വ്യാപാരി നായന്മരാരായ എട്ടു കുടുംബങ്ങൾ കടൽ മാർഗേന വടക്കോട്ട് സഞ്ചരിച്ചെത്തിച്ചേർന്ന ഇടമാണ് പന്തലായനി കൊല്ലമെന്നും, അവർ അവരുടെ സർവ്വൈശ്വര്യങ്ങൾക്കും കാരണഭൂതയായ ദേവിയുടെ ഉടവാൾ (നാന്തകം) പ്രതിഷ്ഠിച്ച് പൂജനടത്തിയ ഇടമാണ് പിഷാരികാവ് ക്ഷേത്രമെന്നും വിശ്വസിക്കുന്നവരുണ്ട്. അവരുടെ കച്ചവട പങ്കാളികൾ മാത്രമായിരുന്നു ചെട്ടിമാരെന്നും അവരോടുള്ള ആദര സൂചകമായാണ് അവരെ ഓല കൊടുത്ത് ക്ഷണിച്ചു വരുത്തി ആദരിക്കുന്നതെന്നും അവർ അവകാശപ്പെടുന്നു. പിഷാരികാവ് പരിസരത്തെ ചില വീട്ടുപേരുകൾ അതിന് തെളിവായി അവർ ചൂണ്ടികാട്ടുന്നുമുണ്ട്, വാളിച്ചിവീട്, ഉമ്മച്ചിവീട്, കോയച്ചി വീട്, മായിച്ചിവീട്, പ്രാടിച്ചിവീട് എന്നിവയൊക്കെ തെക്കൻ കൊല്ലവുമായി ബന്ധപ്പെട്ടതാണന്ന് പറയപ്പെടുന്നു. ഭാര്യവീടിനെ കൊല്ലത്തുകാർ പൊതുവേ ‘അച്ചിവീട്, എന്നാണ് വിളിക്കുക. ഇത്തരം ഭാഷാപരമായ മൈഗ്രേഷന്റെ ഫലമായിരിക്കാം ഇവിടത്തെ വീടുകൾക്ക് ഇങ്ങനെയുള്ള പേരുണ്ടായത് എന്നാണ് ഇവരുടെ അവകാശവാദം. അപ്പോഴും പിഷാരികാവിനും പന്തലായനി കൊല്ലത്തിനും തെക്കൻ കൊല്ലവുമായി നല്ല ബന്ധമുണ്ടാവിരുന്നു എന്നല്ലാതെ ഇങ്ങോട്ട് കൂടിയേറിയവർ ഇന്ന് പിഷാരികാവിന്റെ ഊരാളന്മാരായ വ്യാപാരി നായന്മാരായിരുന്നോ അതോ ചെട്ടിമാരായിരുന്നോ എന്നതിന് തെളിവാകുന്നില്ല. ഒരു കാര്യം ഉറപ്പിച്ചു പറയാം പിഷാരികാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ശക്തമായ അവകാശ അധികാരങ്ങൾ ഉളവർ തന്നെയായിരുന്നു ആയിര വൈശ്യച്ചെട്ടിമാർ.