കേരള സര്‍ക്കാര്‍ ഭൂ മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നു: പി ജെ ജെയിംസ്

കല്‍പ്പറ്റ: ഭൂമാഫിയയ്ക്കു ഒത്താശ ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് സി പി ഐ(എം എല്‍) റെഡ് സ്റ്റാര്‍ ദേശീയ സെക്രട്ടറി പി ജെ ജെയിംസ്. സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ട തോട്ടം ഭൂമി കൈയടക്കാനും തരം മാറ്റാനുള്ള നീക്കം ചെറുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ജില്ലാ കമ്മിറ്റി നടത്തിയ വൈത്തിരി താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1947ന് മുമ്പ് വിദേശികളുടെ കൈവശത്തിലായിരുന്ന വന്‍കിട തോട്ടങ്ങളുടെ ഉടമാവകാശം സര്‍ക്കാരിനാണ്. അനധികൃത കൈവശത്തിലുള്ള തോട്ടങ്ങള്‍ നിയമ നിര്‍മാണത്തിലൂടെ പിടിച്ചെടുക്കണമെന്ന് എം ജി രാജമാണിക്യം 2016 ജൂണ്‍ ആറിന് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
എന്നാല്‍ കമ്പനികളും ട്രസ്റ്റുകളും കൈയടക്കിവച്ചിരിക്കുന്ന തോട്ടങ്ങളില്‍ ഉടമാവകാശം ഉറപ്പിക്കുന്നതില്‍ സര്‍ക്കാരിനു ശുഷ്‌കാന്തിയില്ലെന്ന് ജയിംസ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം പി കുഞ്ഞിക്കണാരന്‍ അധ്യക്ഷത വഹിച്ചു.
വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍ ബാദുഷ, ഓള്‍ ഇന്ത്യ റവല്യൂഷണറി വിമന്‍സ് ഓര്‍ഗനൈസേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം എ എം സ്മിത, ടി യു സി ഐ സംസ്ഥാന സെക്രട്ടറി ടി സി സുബ്രഹ്മണ്യന്‍,
കള്‍ച്ചറല്‍ ഫോറം സെക്രട്ടറി വേണുഗോപാലന്‍ കുനിയില്‍, മാധ്യമപ്രവര്‍ത്തകന്‍ എന്‍ പദ്മനാഭന്‍, ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എ എം അഖില്‍കുമാര്‍, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ ശിവരാമന്‍, ഓള്‍ ഇന്ത്യ റവല്യൂഷണറി സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ലെനിന കാവുംവട്ടം എന്നിവര്‍ പ്രസംഗിച്ചു.


പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ വി പ്രകാശ് സ്വാഗതവും ഏരിയ സെക്രട്ടറി എം കെ ഷിബു നന്ദിയും പറഞ്ഞു. കെ ആര്‍ അശോകന്‍, കെ ജി മനോഹരന്‍, എന്‍ ഡി വേണു, വി എ ബാലകൃഷ്ണന്‍, ബിജി ലാലിച്ചന്‍, സിന്ധു കെ ശിവന്‍, എ ജെ ഷീബ നേതൃത്വം നല്‍കി.
നിയമവിരുദ്ധ ഭൂമി കൈമാറ്റങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ സമരാനന്തരം വൈത്തിരി തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി.

 

Comments
error: Content is protected !!