വയനാട്ടില്‍ വീട്ടുമുറ്റത്തെ കൃഷിയിടത്തില്‍ നിന്നും ഷോക്കേറ്റ് കര്‍ഷക ദമ്പതികള്‍ മരിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റയിലെ കാപ്പിസെറ്റില്‍ ചെത്തിമറ്റം പുത്തന്‍പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവര്‍ വീട്ടുമുറ്റത്തെ കൃഷിയിടത്തില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. പറമ്പിന്റെ അതിരില്‍ സ്ഥാപിച്ചിരുന്ന വൈദ്യുത വേലി മറികടക്കുമ്പോള്‍ ഷോക്കേറ്റ് ദമ്പതികള്‍ മരണപ്പെടുകയായിരുന്നു എന്നാണ് വിലയിരുത്തല്‍.

ദമ്പതികളുടെ കൃഷിയിടത്തില്‍ വന്യമൃഗങ്ങളുടെ ശല്യമുണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് കൃഷിയിടത്തില്‍ നിന്നും വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതവേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതിപ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. സംഭവ സമയത്ത് ഇവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കൃഷിയിടത്തിലെ കുളത്തില്‍ മോട്ടോര്‍ സ്ഥാപിക്കുന്നതിനായാണ് ദമ്പതിമാര്‍ തങ്ങളുടെ കൃഷിയിടത്തിലേക്ക് എത്തിയത്. വൈദ്യുതവേലി മറികടന്നപ്പോള്‍ അബദ്ധത്തില്‍ വൈദ്യുത വേലിയില്‍ കാല്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ദമ്പതിമാരില്‍ സരസുവാണ് ആദ്യം ഷോക്കേറ്റ് വീണത്. ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസനും ഷോക്കേറ്റതെന്നാണ് നിഗമനം.

 

Comments
error: Content is protected !!