
തിരുവനന്തപുരം: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന മൃഗാവകാശ സംഘടനയുടെ ഭാരവാഹിയുമായ ശ്രീദേവി എസ് കര്‍ത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പന്തലൂര്‍ മഖ്‌ന(പി എം ടു)എന്ന മോഴയാനക്ക് വീണ്ടും കാട് സ്വപ്‌നം കാണാനുള്ള അവസരമൊരുങ്ങുന്നു.
13 വയസുള്ള ഈ മോഴ ആനയെ വിള നശിപ്പിക്കുകയും രണ്ട് പേരെ കൊല്ലുകയും ചെയ്തു എന്നാരോപിച്ചാണ് തമിഴ് നാട് വനം വകുപ്പ് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച്, മുതുമല വന്യജീവി സങ്കേതത്തില്‍ തുറന്ന് വിട്ടത്.
അവിടെ നിന്നും ഈ ആന സുല്‍ത്താന്‍ബത്തേരിയില്‍ എത്തുകയായിരുന്നു. ആന ബത്തേരിയില്‍ കൃഷി സ്ഥലങ്ങളിലിറങ്ങിയതിനെത്തുടര്‍ന്ന് വീണ്ടും വാര്‍ത്തകളിലിടം പിടിച്ചു. ബത്തേരിക്കാട്ടില്‍ നിന്ന് തന്റെ വനപ്രദേശത്തേക്ക് തിരിച്ചു പോകാനുള്ള വെപ്രാളത്തില്‍ വൈദ്യുതി വേലിക്കടിയിലെ നീര്‍ച്ചാലിലൂടെ നൂണ്ടിറങ്ങി ടൗണിന് സമീപത്തെത്തിയത് വലിയ ഒച്ചപ്പാടായി. അവിടെ വച്ചു കേരള വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി ഈ മോഴയെ കൂട്ടിലടക്കുകയായിരുന്നു. ഒരു വര്‍ഷമായി (2023 ജനുവരി 6) കൂട്ടില്‍ കിടന്ന് നരകയാതന അനുഭവിക്കുന്ന ആനയെ തിരിച്ചു ഭക്ഷണ സാധ്യതയുള്ള കാട്ടിലേക്ക് തുറന്ന് വിടണമെന്നും കാട്ടാനകളെ പിടികൂടി കൂട്ടിലടക്കുന്നത് മൃഗാവകാശങ്ങളുടേയും പരിസ്ഥിതി നിയമങ്ങളുടേയും ലംഘനമാണ് എന്നും മൃഗാവകാശ സംഘടന കോടതിയില്‍ വാദിച്ചു. ഇത് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു. വിദഗ്ധ സമിതി ആനയെ സന്ദര്‍ശിച്ചുള്‍പ്പെടെ നടത്തിയ പഠനത്തിലും പരിശോധനയിലും തിരിച്ചു കാട്ടിലേക്ക് വിടാന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണിപ്പോള്‍. ശുപാര്‍ശ കോടതി അംഗീകരിച്ചാല്‍ കൂട്ടിലടച്ച ആനയെ തിരികെ കാട്ടിലേക്ക് അയക്കുന്ന കേരളത്തിലെ ആദ്യ സംഭവമാകും. ഭാവിയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന വിധിയായിത്തീരും ഇത്. പാലക്കാട് ധോണിയില്‍ നിന്ന് പിടികൂടിയ മറ്റൊരാന (പി ടി സെവന്‍) ഇപ്പോള്‍ കൂട്ടിനകത്തുണ്ട്. ഇതിന്റെ കണ്ണിന് കാഴ്ചയില്ലാതായത് സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കാഴ്ച തിരിച്ചു കിട്ടാനുള്ള ചികിത്സ നടക്കുന്നതായി സംസ്ഥാന വനം വകുപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ ആനയേയും വനത്തില്‍ തുറന്നു വിടുന്നതിനു വേണ്ടി പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സംഘടന കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കിയിലെ ആനയിറങ്കലില്‍ നിന്ന് പിടി കൂടിയ അരിക്കൊമ്പനെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള ചില മൃഗ സ്‌നേഹികളുടെ അപേക്ഷകളും കോടതിക്ക് മുമ്പിലുണ്ട്.