ഇൻഷുറൻസ് കമ്പനികളുടെ ‘ക്യാഷ് ലെസ്സ് എവരിവെയർ’ എന്ന പദ്ധതിയുമായി കേരളത്തിലെ സ്വകാര്യ ആശുപത്രികൾ സഹകരിക്കില്ല
തിരുവനന്തപുരം: ഇൻഷുറൻസ് കമ്പനികളുടെ ‘ക്യാഷ് ലെസ്സ് എവരിവെയർ’ എന്ന പദ്ധതിയുമായി കേരളത്തിലെ സ്വകാര്യ ആശുപത്രികൾ സഹകരിക്കില്ല. ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ്മ ഒറ്റയ്ക്കെടുത്ത തീരുമാനമായതിനാൽ അംഗീകരിക്കേണ്ടതില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റ്അസോസിയേഷൻ്റെ തീരുമാനം. ചെലവാകുന്ന പണം ആശുപത്രികൾക്ക് കൃത്യമായി തിരികെ കിട്ടുമോ എന്നുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്.
കേരളത്തിലെ ഒരു ആശുപത്രിയുമായും ജനറൽ ഇൻഷുറൻസ് കമ്പനികളുടെ കൂട്ടായ്മ ചർച്ച നടത്തിയിട്ടില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് വ്യക്തമാക്കുന്നത്. പദ്ധതി നടപ്പാക്കുമ്പോൾ എത്ര തുക എത്ര സമയത്തിനുള്ളിൽ ആശുപത്രികൾക്ക് കിട്ടും എന്നുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്. സർക്കാരിന്റെ പല പദ്ധതികളിലും അംഗങ്ങളായ സ്വകാര്യ ആശുപത്രികൾക്ക് ഇപ്പോൾതന്നെ കോടിക്കണക്കിന് രൂപ ലഭിക്കാൻ ഉണ്ട്. ഇത് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുമുണ്ട്. ഇതിനിടയിലാണ് ക്യാഷ് ലെസ്സ് പദ്ധതി കൊണ്ടുവരുന്നത് എന്നതിനാൽ ഇൻഷുറൻസ് കമ്പനികളുടെ നിലപാട് പൂർണമായും അംഗീകരിക്കാൻ ആകില്ലെന്നാണ് മാനേജ്മെന്റ് അസോസിയേഷൻ്റെ നിലപാട്.