പ്രായം തളർത്താത്ത ഊർജത്തിൽ സ്വന്തം സംരംഭവുമായി രാധ
വാർദ്ധക്യത്തോട് അടുക്കുമ്പോഴും വെറുതെ ഇരിക്കാൻ തയ്യാറല്ലായിരുന്നു ചങ്ങരോത്ത് സ്വദേശിനി രാധ. പല സ്ഥലത്തും ജോലി ചെയ്തെങ്കിലും സ്വന്തമായൊരു സംരംഭം, അതായിരുന്നു 58-കാരിയായ രാധയുടെ മനസ് നിറയെ. ഗ്രാമപഞ്ചായത്തും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഒപ്പം ചേർന്നപ്പോൾ രാധയുടെ സ്വപ്നം യാഥാർത്ഥ്യമാവുകയായിരുന്നു.
പച്ചതേങ്ങ ശേഖരിച്ച് ഉണക്കി കൊപ്രയാക്കി മാറ്റുന്ന പി പി കോപ്ര ഡ്രയർ യൂണിറ്റാണ് രാധ ആരംഭിച്ചത്. എന്റെ ഗ്രാമം പ്രത്യേക തൊഴില്‍ദാന പദ്ധതിയിലൂടെയാണ് പറക്കുമീത്തൽ രാധ സംരംഭകയായി മാറിയത്. രാധയുടെ വീട്ടിൽ സജ്ജീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനം ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിർവഹിച്ചു. എ ആർ അശ്വിൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്നതാണ് ‘എന്റെ ഗ്രാമം’ പ്രത്യേക തൊഴില്‍ദാന പദ്ധതി. ഒരു വില്ലേജില്‍ ഒരു ഗ്രാമ വ്യവസായം എന്ന ലക്ഷ്യമിട്ടാണ് ബോർഡ് സംസ്ഥാനത്തൊട്ടാകെ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം 25,000 രൂപ മുതൽ 25,00,000 രൂപവരെ മുതൽമുടക്കിൽ ആരംഭിക്കാവുന്ന കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗീകരിച്ച വ്യവസായ സംരഭങ്ങൾക്ക് ആകെ പ്രോജക്ട് തുകയുടെ 95% വരെ ബാങ്ക് വായ്പയും 35% വരെ സബ്സിഡിയും ലഭ്യമാകും. എസ്.സി/എസ്.ടി വിഭാഗം സംരഭകർക്ക് 40% സബ്സിഡി ലഭ്യമാകും. പദ്ധതിയില്‍ അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി പദ്ധതിച്ചെലവ് 5 ലക്ഷം രൂപയാണ്.