ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ തന്നെ വീണ്ടും മത്സരിക്കാനുറച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ തന്നെ വീണ്ടും മത്സരിക്കാനുറച്ച് രാഹുൽ ഗാന്ധി. രാഹുൽ ഉത്തരേന്ത്യയിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യം ‘ഇന്ത്യ’ സഖ്യത്തിലെ നേതാക്കൾ ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്റെ നീക്കം. തന്റെ തീരുമാനം രാഹുൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കും.

കോൺഗ്രസിനെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നാണ് വയനാട്. വീണ്ടും അവിടെ മത്സരിക്കുന്നത് ബി ജെ പിയിൽ നിന്നും ഒളിച്ചോടി എന്ന പ്രതീതി സൃഷ്ടിക്കുമെന്നും മോദിയോടും ബി ജെ പിയോടും നേരിട്ട് ഏറ്റുമുട്ടുകയെന്ന വെല്ലുവിളിയാണ് രാഹുൽ ഏറ്റെടുക്കേണ്ടതെന്നാണ് സഖ്യകക്ഷികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അമേഠിയിൽ ഇക്കുറിയും കാര്യങ്ങൾ സുരക്ഷിതമായിരിക്കില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ നീക്കം. മാത്രമല്ല ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ സാധ്യതകളെ വയനാട്ടിലെ പിന്മാറ്റം ബാധിച്ചേക്കുമെന്നും രാഹുൽ കരുതുന്നു.

അതേസമയം ജനുവരി 14 മുതല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ‘ഭാരത് ജോഡോ ന്യായ് യത്ര’ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്നുമാകും യാത്ര ആരംഭിക്കുക. ‘ഭാരത് ജോഡോ യാത്ര’ ജനങ്ങളുടെ മനസില്‍ പതിഞ്ഞ ഒരു ബ്രാന്‍ഡായി മാറിയെന്ന് തങ്ങള്‍ക്ക് തോന്നിയതായും അതിനാലാണ് പേര് മാറ്റിയതെന്നും ജയറാം രമേശ് പറഞ്ഞു.

മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് വഴി അസമിലേക്ക് യാത്ര നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. മൊത്തത്തില്‍ 6700 കിലോമീറ്റര്‍ ദൂരമാണ് യാത്ര പിന്നിടുക. എല്ലാ ദിവസവും രാഹുല്‍ ഗാന്ധി സമൂഹത്തിന്റെ എല്ലാ കോണുകളിലുള്ള ആളുകളുമായും കൂടിക്കാഴ്ച നടത്തും. നേരത്തെ, 14 സംസ്ഥാനങ്ങളിലൂടെ യാത്ര നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ അരുണാചല്‍ പ്രദേശ് കൂടി ഉള്‍പ്പെടുത്തി ഇത് 15 ആക്കി.

 

Comments
error: Content is protected !!