രാഹുൽഗാന്ധിയുടെ ഭാരത് ന്യായ് യാത്ര, ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി മാറ്റി
ന്യൂഡൽഹി: ജനുവരി 14ന് രാഹുൽ ഗാന്ധി നടത്താനിരുന്ന യാത്രയുടെ പേര് പരിഷ്ക്കരിച്ചു. ഭാരത് ന്യായ് യാത്ര, ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി മാറ്റി. പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണം 14 ൽ നിന്ന് 15 ആക്കി മാറ്റി. പട്ടികയിൽ അരുണാചൽ പ്രദേശും കൂടി ഉൾപ്പെടുത്തി.
യാത്ര 11 ദിവസം ഉത്തർപ്രദേശിലൂടെ കടന്നുപോകും. 20 ജില്ലകളിലായി 1,074 കിലോമീറ്ററാണ് യാത്ര. മൊത്തം 110 ജില്ലകൾ, 100 ലോക്‌സഭാ സീറ്റുകൾ, 337 നിയമസഭാ സീറ്റുകൾ എന്നിവിടങ്ങളിലാണ് യാത്ര. ആകെ സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററിൽ നിന്ന് 6,700 കിലോമീറ്ററായി ഉയർത്തി.
ജനുവരി 14ന് മണിപ്പൂരിൽ നിന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. ഭാരത് ജോഡോ യാത്ര കാല്‍നടയായി പൂര്‍ത്തിയാക്കിയെങ്കില്‍ ‘ ഭാരത് ജോഡോ ന്യായ് യാത്ര’ ബസുകളിലും ഇടവിട്ടുള്ള കാൽനടയാത്രയും ഉൾപ്പെടുത്തിയിട്ടുണ്ട്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ഈ പദയാത്രയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവും ഈ പദയാത്ര ലക്ഷ്യമിടുന്നു എന്നാണ് വിലയിരുത്തല്‍.