രാജേന്ദ്രൻ പുല്ലൂരിൻ്റെ ചിത്രപ്രദർശനം വടകര കചിക ആർട്ട് ഗാലറിയിൽ
വടകര: വടക്കേ മലബാറിലെ അനുഷ്ഠാന പ്രധാനമായ കലാരൂപങ്ങളെ പരിസ്ഥിതിയുമായി കൂട്ടിയിണക്കി ചിത്രങ്ങൾ രചിക്കുന്ന പ്രശസ്ത ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിൻ്റെ ‘ട്രാൻസ്ഫോർമേഷൻ’, എന്ന് പേരിലുള്ള സമകാലിക ചിത്രങ്ങളുടെ പ്രദർശനം വടകര എടോടിയിലെ കചിക ആർട്ട് ഗാലറിയിൽ ജനുവരി പതിമൂന്ന് മുതൽ പതിനെട്ടു വരെ നടക്കും.
മനുഷ്യൻ്റെ ആർത്തി മൂലം മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന പ്രകൃതിയുടെ മറ്റൊരു മുഖം തുറന്ന കാട്ടുന്ന ചിത്രങ്ങളും അനുഷ്ഠാന കലയുടെ രൂപങ്ങൾ ചേർത്ത് വെച്ച് വർത്തമാനകാലത്തെ പാരിസ്ഥിതികമായ അവസ്ഥകൾ ചിത്രീകരിക്കുന്ന ചിത്രങ്ങളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജനുവരി പതിമൂന്നിന് രാവിലെ 11 മണിക്ക് എഴുത്തുകാരനും ചിത്രകാരനുമായ ഡോ. സോമൻ കടലൂർ പ്രദർശനം ഉദ്ഘാടനം ചെയ്യും. കേരള ലളിത കലാ അക്കാദമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ ചിത്ര പരിചയം നടത്തും. അക്കാദമി അംഗം സുനിൽ അശോകപുരം മുഖ്യാതിഥിയാവും. പ്രദർശനം എല്ലാ ദിവസവും രാവിലെ പതിനൊന്നു മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ്. ആറു ദിവസം നീളുന്ന ചിത്രപ്രദർശനം സൗജന്യമായി പൊതു ജനങ്ങൾക്ക് കാണാവുന്നതാണ്.