ആർ സിബുക്ക്, ലൈസൻസ് എന്നിവ ഇനി തപാൽമാർഗം ലഭിക്കില്ല

തിരുവനന്തപുരം: ആർ സി ബുക്ക്, ലൈസൻസ് എന്നിവ ഇനി തപാൽമാർഗം വീട്ടിലെത്തില്ല. തിരിച്ചറിയൽ രേഖകൾ സഹിതം വാഹനമുടമകളോ ബന്ധുക്കളോ ആർ ടി ഓഫീസുകളിലെത്തി കൈപ്പറ്റണം. അപേക്ഷയോടൊപ്പം വാഹന ഉടമകളിൽനിന്ന് 45 രൂപ വീതം തപാൽ നിരക്കു വാങ്ങിയതിന് ശേഷമാണ് പുതിയ പരിഷ്‌കാരം.
ഇവ ഏജന്റുമാരുടെ കൈവശം കൊടുക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അച്ചടിയുടെ ചുമതലയുള്ള കരാർ കമ്പനിക്ക് എട്ടു കോടിയിലേറെ രൂപ കുടിശ്ശികയായതിനെത്തുടർന്ന് ആർ സി ബുക്ക്, ലൈസൻസ് എന്നിവയുടെ അച്ചടിയും വിതരണവും നവംബർ മുതൽ നിലച്ചിരിക്കുകയാണ്.
അച്ചടി തുടങ്ങിയാൽ രേഖകൾ പെട്ടെന്നുതന്നെ വാഹനമുടമകൾക്കു ലഭ്യമാക്കാൻ വേണ്ടിയാണ് ആർ ടി ഓഫീസ് വഴി വിതരണം ചെയ്യുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, വാഹനമുടമകൾക്കിതു തലവേദനയാകും. തപാലിനത്തിൽ വാങ്ങിയ പണം തിരിച്ചുകൊടുക്കുമോയെന്നതിലും വ്യക്തതയില്ല. 3.8 ലക്ഷം ആർ സിയും 3.5 ലക്ഷം ലൈസൻസുമാണ് വിതരണം ചെയ്യാനുള്ളത്.