കോര്‍പറേറ്റുകളെ പിന്തുണയ്ക്കുന്ന ബജറ്റ് ഗ്രാമങ്ങളില്‍ കത്തിക്കും: സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: കോര്‍പറേറ്റുകളെ പിന്തുണയ്ക്കുന്ന ബജറ്റ് ഗ്രാമങ്ങള്‍തോറും കത്തിക്കാന്‍ സംയുക്ത കിസാന്‍മോര്‍ച്ച ആഹ്വാനം ചെയ്തു. വിളവെടുപ്പിനുശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യപങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്ന പ്രഖ്യാപനം, പിന്‍വലിച്ച മൂന്ന് കാര്‍ഷികനിയമങ്ങള്‍ പിന്‍വാതില്‍ വഴി നടപ്പാക്കലാണ്. രാജ്യത്തെ കാര്‍ഷികമേഖല ആഭ്യന്തര-വിദേശ കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുകയാണ്. ‘ആദ്യം ഇന്ത്യയെ വികസിപ്പിക്കൂ’ എന്ന ലക്ഷ്യത്തോടെ വിദേശപങ്കാളികളുമായി ഉഭയകക്ഷികരാറില്‍ എത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാണ്. ആരാണ് ഈ വിദേശ പങ്കാളികള്‍ എന്ന് ധനമന്ത്രി വിശദീകരിക്കണം.

അടുത്ത വര്‍ഷം കടമെടുപ്പ് 14.13 ലക്ഷം കോടി രൂപയായിരിക്കുമെന്ന് ബജറ്റില്‍ പറയുന്നു. നടപ്പ് വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ തുകയാണിത്. ഇന്ത്യയുടെ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം 100 ശതമാനം കടന്നതായി ഐ എം എഫ് ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബിജെപി ഭരണത്തില്‍ സമ്പദ്ഘടന തികഞ്ഞ കെടുകാര്യസ്ഥത നേരിടുകയാണ്. കാര്‍ഷികവിളകള്‍ക്ക് സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശ ചെയ്ത ആദായകരമായ എം എസ് പി പ്രഖ്യാപിക്കാത്ത ബി ജെ പി സര്‍ക്കാരിന് കര്‍ഷകര്‍ വോട്ടുചെയ്യില്ല. 16ന്റെ ഗ്രാമീണ്‍ ഭാരത് ബന്ദും വ്യവസായമേഖല പണിമുടക്കും വിജയിപ്പിക്കാന്‍ എസ് കെ എം ആഹ്വാനം ചെയ്തു.

 

Comments
error: Content is protected !!