സുപ്രധാനമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ഇടക്കാല കേന്ദ്ര ബജറ്റ്

ന്യൂഡല്‍ഹി: സുപ്രധാനമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളുണ്ടായില്ല. ദരിദ്രര്‍, വനിതകള്‍, യുവാക്കള്‍, കര്‍ഷകര്‍ എന്നിവര്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ചില നിര്‍ദേശങ്ങളും റെയില്‍വേ, ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ കൂടുതല്‍ വിപുലമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.

ബജറ്റ് പ്രഖ്യാപനങ്ങള്‍

  • പ്രത്യക്ഷ-പരോക്ഷ നികുതികളില്‍ മാറ്റമില്ല
  • ഇറക്കുമതി തീരുവകളിലും മാറ്റമില്ല
  • ധനക്കമ്മി 5.1 ശതമാനമാക്കി കുറയ്ക്കും
  • ആശ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും
  • ലക്ഷദ്വീപിലും ടൂറിസം വികസനം യാഥാര്‍ഥ്യമാക്കും
  • ലോകനിലവാരത്തില്‍ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സഹായം നല്‍കും
  • അടിസ്ഥാന സൗകര്യ മേഖലക്കുള്ള ഫണ്ട് 11.11 ലക്ഷം കോടിയായി ഉയര്‍ത്തി
  • 35 ലക്ഷം തൊഴിലവസരങ്ങള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കും
  • മത്സ്യമേഖലയില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
  • യുവാക്കള്‍ക്ക് പലിശരഹിത വായ്പ നല്‍കാനായി ഒരു ലക്ഷം കോടിയുടെ ഫണ്ട്
  • പൊതുഗതാഗതത്തിന് കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കും
  • ഇലക്ട്രിക് വാഹനവിപണി വിപുലമാക്കും
  • 40,000 റെയില്‍വേ കോച്ചുകള്‍ വന്ദേഭാരത് നിലവാരത്തിലാക്കും
  • മൂന്ന് പുതിയ റെയില്‍വേ ഇടനാഴികള്‍
  • വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കും
  • രാഷ്ട്രീയ ഗോകുല്‍ പദ്ധതി വഴി പാലുല്‍പ്പാദനം വര്‍ധിപ്പിക്കും
  • കാര്‍ഷിക മേഖലയില്‍ സ്വകാര്യവല്‍ക്കരണം
  • നിലവിലെ ആശുപത്രികളെ മെഡിക്കല്‍ കോളജുകളാക്കാന്‍ വിദഗ്ധസമിതി
  • എണ്ണക്കുരുക്കളുടെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ നടപടി
  • ഇടത്തരക്കാര്‍ക്ക് വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കും
  • അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രണ്ട് കോടി വീടുകള്‍ കൂടി നിര്‍മിക്കും
  • ഒരു കോടി വീടുകളില്‍ സോളാര്‍ പദ്ധതിയിലൂടെ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും
  • പ്രതിരോധ ആവശ്യങ്ങള്‍ക്കായി പുത്തന്‍ സാങ്കേതികവിദ്യ വികസിപ്പിക്കും
  • രാജ്യത്തിന്റെ കിഴക്കന്‍ മേഖലയുടെ വികസനത്തിനായി പ്രത്യേക പരിഗണന
  • ജനസംഖ്യ വര്‍ധന പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കും
  • ടൂറിസം വികസനത്തിന് പലിശരഹിത വായ്പ
  • ടൂറിസം രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും

Comments
error: Content is protected !!