പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തിനെതിരെ ഭരണകൂട ഭീകരത; ആയിരക്കണക്കിന് കേസുകള്‍, പിഴയായി ലക്ഷങ്ങള്‍ കെട്ടിവെക്കേണ്ട അവസ്ഥ -വി ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തില്‍ പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ ആയിരക്കണക്കിന് കേസുകളാണ് എടുത്തിരിക്കുന്നതെന്നും പിഴയായി ലക്ഷക്കണക്കിന് രൂപ കെട്ടിവയ്ക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ബുക്ക്ലെറ്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

പ്രതിഷേധിക്കുന്നവരെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. സെക്രട്ടേറിയറ്റിന്റെ മുന്നില്‍ നടന്ന സമരം ഉദ്ഘാടനം ചെയ്ത എം എല്‍ എയെ ഒന്നാം പ്രതിയാക്കി കേസെടുക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്? യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവിനെ ഒന്നാം പ്രതിയാക്കിയും കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റു ചെയ്ത രീതിയെ കേരളം ഒറ്റക്കെട്ടായാണ് എതിര്‍ക്കുന്നത്. അധികാരം ദുരുപയോഗം ചെയ്യുന്നതില്‍ സര്‍ക്കാര്‍ ആനന്ദം കണ്ടെത്തുകയാണ്. 41 എ നോട്ടീസ് അറസ്റ്റ് ചെയ്യുന്നതിന് മുന്‍പാണ് നല്‍കേണ്ടത്. എന്നാല്‍ അടൂരില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ എടുത്ത് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് പൊലീസ് നോട്ടീസ് നല്‍കിയത്. എല്ലാ നിയമങ്ങളും ലംഘിക്കുകയാണ്. സെക്ഷന്‍ 333 നിയമപ്രകാരം കേസെടുത്തത് പത്ത് വര്‍ഷം വരെ തടവ് ലഭിക്കുന്നതിന് വേണ്ടിയാണ്. ഷൂ എറിഞ്ഞതിന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്ത സര്‍ക്കാരാണിത്. രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിയിക്കാന്‍ സി പി എമ്മിനെയും സംസ്ഥാന സെക്രട്ടറിയെയും വെല്ലുവിളിക്കുകയാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് പറയുന്നത് വിവരക്കേടും വിലകുറഞ്ഞ രാഷ്ട്രീയവുമാണ്.

ട്രാന്‍സ്പോര്‍ട്ട് സമരത്തിന്റെ ഭാഗമായി ബസിന് തീ കൊളുത്തി ആളുകളെ ചുട്ടുകൊന്നവരുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. നിയമവിരുദ്ധ നടപടി എടുത്ത എല്ലാ ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെയും ഞങ്ങളുണ്ടാകും. ആരെയും വെറുതെ വിടില്ല. എം.വി ഗോവിന്ദന്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വമാണ് മൂന്നാം കിട വര്‍ത്തമാനത്തിലൂടെ ഇല്ലാതാക്കിയത്.

മുഖ്യമന്ത്രിയുടെ അപ്പുറവും ഇപ്പുറവും നടക്കുന്നവര്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസുകളിലെ പ്രതികളാണ്. അകത്ത് പോകേണ്ടവരെയാണ് മുഖ്യമന്ത്രി കൊണ്ടു നടക്കുന്നത്. ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത ഡി വൈ എഫ് ഐക്കാരനെ മോചിപ്പിച്ച ഏരിയാ സെക്രട്ടറിക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. പൊലീസുകാരനോട് കക്കൂസ് കഴുകാന്‍ പറഞ്ഞ എസ് എഫ് ഐ സെക്രട്ടറിയെ പാല്‍ക്കുപ്പി നല്‍കിയാണ് ജീപ്പില്‍ കയറ്റിയത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പരസ്യമായി നിയമം ലംഘിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു

 

Comments
error: Content is protected !!