KERALA

എഐ ക്യാമറയിലെ നിയമ ലംഘനങ്ങൾക്കുള്ള പതിനായിരക്കണക്കിന് നോട്ടീസുകൾ കെട്ടിക്കിടക്കുന്നു

തിരുവനന്തപുരം : കെൽട്രോണിനുള്ള കുടിശ്ശിക തീർക്കാൻ സർക്കാർ ഉത്തരവിറങ്ങിയെങ്കിലും കമ്പനിയുടെ അക്കൗണ്ടിൽ പണമെത്താത്തതിനാൽ എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കുള്ള നോട്ടീസയക്കുന്നത് പുനരാരംഭിക്കാനായില്ല. പതിനായിരക്കണക്കിന് നോട്ടീസുകളാണ് തപാലിൽ അയക്കാതെ കെട്ടിക്കിടക്കുന്നത്.

കോടികളുടെ കുടിശ്ശിക കാരണം കെൽട്രോൺ പ്രവർത്തനമെല്ലാം നിർത്തിവെച്ചിരിക്കുകയായിരുന്നു. ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കു നോട്ടീസയക്കാൻ നിയോഗിച്ച കരാർ ജീവനക്കാരെ കമ്പനി പിൻവലിച്ചിരുന്നു. സർക്കാർ കുടിശ്ശിക അനുവദിച്ചതോടെ അവർ വീണ്ടുമെത്തി നോട്ടീസ് തയ്യാറാക്കുന്നുണ്ട്. എന്നാൽ, പണം കിട്ടിയാലേ കെൽട്രോണിന് തപാൽ വകുപ്പിനുള്ള കുടിശ്ശിക തീർക്കാൻ കഴിയൂ. നോട്ടീസയക്കുന്നതു മുടങ്ങിയിട്ട് 20 ദിവസമായി.

ക്യാമറകളിൽ നിയമ ലംഘനങ്ങൾ ഇപ്പോഴും റെക്കോഡ് ചെയ്യുന്നുണ്ട്. നോട്ടീസ് അയക്കുന്നില്ലെന്നേയുള്ളൂ. ഓരോ ജില്ലയിലുമായി രണ്ടായിരത്തിലധികം നോട്ടീസാണ് അയക്കാനുള്ളത്. ഒരു മാസമായി നോട്ടീസ് അയക്കാത്തതിനാൽ പിഴയെക്കുറിച്ച് പലരും അറിയുന്നില്ല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button