ശ്രീകുമാരൻ നായരെ കെൽട്രോണിൻ്റെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു
തിരുവനന്തപുരം: നാവികസേനാ മുൻ വൈസ് അഡ്മിറലും ഇലക്ട്രോണിക്സ് രംഗത്തെ വിദഗ്ധനുമായ ശ്രീകുമാരൻ നായരെ കേരളാ ഇലക്ട്രോണിസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതിയ എം ഡിയുടെ നിയമനത്തോടെ ഇലക്ട്രോണിക്സ് മേഖലയിലെ പ്രഗത്ഭരുടെ കൂട്ടായ നേതൃത്വം കെൽട്രോണിന് കൈവരും.
എറണാകുളം കടവന്ത്ര സ്വദേശിയായ ശ്രീകുമാരൻ നായർ നാവികസേനയിൽ 35 വർഷത്തെ സേവന ചരിത്രമുള്ള, വൈസ് അഡ്മിറൽ പദവിയിൽ നിന്ന് വിരമിച്ചയാളാണ്. ചെയർമാൻ, മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ഡയറക്ടർ, ടെക്നിക്കൽ ഡയറക്ടർ എന്നീ സുപ്രധാന പദവികളിൽ രാജ്യത്തെ തന്നെ ഏറ്റവും വിദഗ്ധരായവരെ നിയമിച്ചതിലൂടെ കെൽട്രോണിനെ ഇന്ത്യയിലെ ഒന്നാം നിര പൊതുമേഖലാ സ്ഥാപനമായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.
ഡൽഹി ഐ ഐ ടി യിൽ നിന്ന് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ എം ടെക് ബിരുദവും തിരുച്ചിറപ്പിള്ളി ആർ ഇ സിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദവുമുണ്ട് ശ്രീകുമാരൻ നായർക്ക്. കേരളാ പബ്ളിക് എൻ്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെൻ്റും) ബോർഡ് ശുപാശയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം.