നഷ്ടമായത്‌ നാടിന്റെ നിറസാന്നിധ്യം നടുക്കം വിട്ടുമാറാതെ ചേങ്കോട്ടുകോണം

കഴക്കൂട്ടം :കുട്ടികളടക്കം അഞ്ചുപേരുടെ മരണത്തിന്റെ നടുക്കം വിട്ടുമാറാതെ ചേങ്കോട്ടുകോണം നിവാസികൾ. നാട്ടിലെ നിറസാന്നിധ്യമായിരുന്ന പ്രവീണിന്റെയും ഭാര്യ ശരണ്യയുടെയും മൂന്നു മക്കളുടെയും വേർപാട് എല്ലാവരെയും കണ്ണീരിലാഴ്ത്തി. പ്രവീണും അച്ഛൻ കൃഷ്ണൻകുട്ടിനായരും നാട്ടിലെ സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
പട്ടം സെന്റ്‌ മേരീസിൽനിന്ന്‌ സ്‌കൂൾ വിദ്യാഭ്യാസവും പാപ്പനംകോട് ശ്രീചിത്ര എൻജിനിയറിങ് കോളേജിൽനിന്ന്‌ സിവിൽ എൻജിനിയറിങ്ങും പൂർത്തിയാക്കിയ പ്രവീൺ വിദേശത്താണ്‌ ജോലിചെയ്‌തിരുന്നത്‌. പത്തുവർഷംമുമ്പാണ് കല്ലുവാതുക്കൽ സ്വദേശി ശരണ്യയെ വിവാഹം കഴിച്ചത്. ഭാര്യയുടെ ഉപരിപഠനത്തിനുവേണ്ടിയാണ് എറണാകുളത്തെ ഫ്ലാറ്റിലേക്ക്‌ താമസംമാറിയത്‌. നാട്ടിലെ പ്രധാന വിശേഷങ്ങളിലെല്ലാം കുടുംബസമേതം എത്താറുണ്ടെന്ന് സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു.
കഴിഞ്ഞ ഓണത്തിന്‌ ഇവർ ചേങ്കോട്ടുകോണത്തെ വീട്ടിൽ എത്തിയിരുന്നു. ബുധനാഴ്‌ച മരണവാർത്ത ചാനലുകളിൽ വന്നപ്പോൾത്തന്നെ ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ  വീടിനു സമീപം വൻ ജനാവലി തടിച്ചുകൂടി. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കൃഷ്ണൻനായരെയും രോഗിയായ പ്രസന്നകുമാരിയെയും മരണവിവരം ആദ്യം അറിയിച്ചില്ല. വിവരമറിഞ്ഞെത്തുന്നവരെക്കൊണ്ട്‌ വീടും പരിസരവും നിറഞ്ഞതോടെയാണ്‌  ഇരുവരെയും വിവരം അറിയിച്ചത്.
Comments

COMMENTS

error: Content is protected !!