സംസ്ഥാനത്ത് അർബൻ കമ്മിഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അർബൻ കമ്മിഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അര്‍ബൻ കമ്മീഷന്റെ ചുമതല.
നവകേരള സദസ്സിന് മുമ്പായി ചേർന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനം. അന്താരാഷ്ട്ര തലത്തിലെ വിദദ്ധർ അടങ്ങുന്ന കമ്മീഷനിൽ 13 അംഗങ്ങളാണ് ഉണ്ടാവുക.
ഒരു വര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണ് കമ്മീഷനുള്ളത്. കിലയുടെ നഗരഭരണ പഠന കേന്ദ്രമായിരിക്കും കമ്മീഷന്‍ സെക്രട്ടറിയേറ്റായി പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഒരു നഗര നയ സെല്‍ രൂപീകരിക്കും. ലോകത്തെ വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന സമൂഹം എന്ന നിലയില്‍ ആഗോളമായി ബന്ധപ്പെട്ട് കിടക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് കമ്മിഷന്‍ പ്രവര്‍ത്തനം സഹായകമാവും. കാലാവസ്ഥാ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന പ്രദേശം എന്ന നിലയിലും കേരളത്തിന്റെ നഗരവല്‍ക്കരണത്തിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കുന്നതിന് ഇതിലൂടെ കഴിയും.