സെമി ഹൈസ്പീഡ് റെയിൽവേ വേഗത്തിൽ. ഭൂമി ഏറ്റെടുക്കാൻ സ്പെഷ്യൽ ഓഫീസുകൾ തുറക്കും

സെമി ഹൈസ്പീഡ് റെയില്‍വേ ലൈന്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി സ്പെഷ്യൽ ഓഫീസുകൾ വരുന്നു. 955.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടതുള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിവിധ വില്ലേജുകളിലാണ് ഇത്. റെയില്‍വേ ബോര്‍ഡില്‍ നിന്നും പദ്ധതിക്കുള്ള അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കൽ തുടങ്ങാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

ഇതിനായി 7 തസ്തികകള്‍ ഉള്‍പ്പെടുന്ന ഒരു സ്പെഷ്യല്‍ ഡപ്യൂട്ടി കളക്ടര്‍ ഓഫീസ് തുടങ്ങും.  ജില്ലകള്‍ ആസ്ഥാനമായി 18 തസ്തികകള്‍ വീതം ഉള്‍പ്പെടുന്ന 11 സ്പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍.എ) ഓഫീസുകളും രൂപീകരിക്കും. ഒരു വര്‍ഷത്തേക്ക് താത്ക്കാലികമായാണ് നിയമനം.

ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 3000 കോടി ഹഡ്കോ വായ്പ ലഭിച്ചിരുന്നു. 2100 കോടി രൂപ കിഫ്ബി വായ്പ വഴിയും ലഭ്യമാക്കുന്നുണ്ട്. 13000 കോടിയാണ് ഈ ഇനത്തിൽ ചിലവ് കണക്കാക്കിയത്. ഒരു വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യം.

പദ്ധതിക്ക്‌ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അന്തിമാനുമതിമാത്രമാണ്‌ ഇനി ലഭിക്കാനുള്ളത്‌.  കഴിഞ്ഞവർഷം തത്വത്തിൽ അനുമതി ലഭിച്ച 63,941 കോടി രൂപയുടെ പദ്ധതിക്ക്‌ റെയിൽവേ, സംസ്ഥാന സർക്കാർ വിഹിതത്തിനും ഓഹരിക്കും പുറമെയുള്ള വായ്‌പകൾക്ക്‌ നിതി ആയോഗിന്റെ അനുമതിയും ലഭിച്ചു. റെയിൽവേ മന്ത്രാലയം ചോദിച്ച സംശയങ്ങൾക്കുള്ള മറുപടിയും ചർച്ചകളും മൂന്നുമാസംമുമ്പുതന്നെ പൂർത്തിയാക്കി.

പന്ത്രണ്ടുമുതൽ 15 മണിക്കൂർവരെ നീളുന്ന കാസർകോട്‌–-തിരുവനന്തപുരം യാത്ര നാലുമണിക്കൂറിലാക്കുന്ന നിർദിഷ്‌ട 530 കിലോമീറ്റർ  റെയിൽപ്പാതയിൽ 11 സ്‌റ്റോപ്പുണ്ടാകും. 675 പേർക്ക് സഞ്ചരിക്കാവുന്ന ഒമ്പത്‌ കോച്ചുകൾ ഒരുമിച്ചുള്ള ട്രെയിനാകും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. കോച്ചുകൾ 12 മുതൽ 15 വരെയായി വർധിപ്പിക്കാനുമാകും

 

Comments

COMMENTS

error: Content is protected !!