കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹി സമരത്തിന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിനെതിരെ കേന്ദ്ര സര്‍ക്കാർ അവഗണനക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ സ്വാഗതം ചെയ്തു. ഇന്നലെ (തിങ്കൾ) വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തോടും സമരത്തില്‍ പങ്കെടുക്കാൻ അഭ്യര്‍ത്ഥിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.
കേന്ദ്ര അവഗണനക്കെതിരെ യോജിച്ച പ്രക്ഷോഭത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയെയും മുഖ്യമന്ത്രി ചര്‍ച്ചക്ക് വിളിച്ചത്.ഡല്‍ഹിയില്‍ പാര്‍ലമെന്റിന് മുന്നിലാണ് സര്‍ക്കാരും സിപിഎമ്മും സമരം പ്രഖ്യാപിച്ചത്. ഭരണ-പ്രതിപക്ഷ സമരം കൂടുതല്‍ ഫലപ്രദമാകുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. എന്നാല്‍ മുന്നണിയില്‍ ആലോചിച്ച് മറുപടി പറയാമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്വീകരിച്ചത്.
എന്നാല്‍ കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കേന്ദ്ര സര്‍ക്കാരല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ചില പ്രശ്‌നങ്ങള്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ കാരണക്കാരെന്നും പറഞ്ഞു.ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ വരണോയെന്നത് മുന്നണിയില്‍ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും അദ്ദേഹം യോഗത്തില്‍ നിലപാടെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും കൃത്യമായി നികുതി പിരിച്ചെടുക്കാത്തതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.