Uncategorized

തൃശൂരിലെ ആദ്യപ്രഭാത യോഗം നവകേരളത്തിനായുള്ള അഭിപ്രായങ്ങളും ആശയങ്ങളും കൊണ്ട് സമ്പന്നമായി

തൃശൂർ: തൃശൂരിലെ ആദ്യപ്രഭാത യോഗം നവകേരളത്തിനായുള്ള അഭിപ്രായങ്ങളും ആശയങ്ങളും കൊണ്ട് സമ്പന്നമായി. കുന്നംകുളത്തെ കർഷക തൊഴിലാളി എൺപത് വയസ്സുകാരി അമ്മിണിയേടത്തി മുതൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മൽ വരെ സമൂഹത്തിന്റെ നാനാ തുറകളിൽനിന്നുള്ളവർ പങ്കു വച്ച അഭിപ്രായങ്ങളും നിർദേശങ്ങളും ഉണ്ടായിരുന്നു. മുളങ്കുന്നത്തുകാവ് കിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ക്ഷണിക്കപ്പെട്ട 260ഓളം വ്യക്തികളും പങ്കെടുത്ത ചേലക്കര, കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ പ്രഭാത യോഗം ചേർന്നത്.

സിനിമ നാടക രംഗത്ത് പ്രവർത്തിക്കുന്ന ഗാനരചയിതാക്കൾക്ക് സാഹിത്യ അക്കാദമി, ചലച്ചിത്ര അക്കാദമി മുഖേന സഹായങ്ങൾ ലഭ്യമാക്കണമെന്നും കുന്നംകുളം മണ്ഡലത്തിൽ കലാമണ്ഡലത്തിന്റെ സബ് സെന്റർ ആരംഭിക്കണമെന്നും ചലച്ചിത്ര ഗാനരചയിതാവ് ബി കെ ഹരിനാരായണൻ അഭ്യർത്ഥിച്ചു. കലാമണ്ഡലത്തിന്റെ ഭാവി വികസന ചർച്ചകളിൽ ഇക്കാര്യം ആലോചിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

ആധുനിക സമ്പ്രദായങ്ങൾ കൃഷി രീതിയിൽ പ്രയോഗിക്കുന്നതിനുള്ള പദ്ധതികൾ ഉണ്ടാവണമെന്നും ബ്ലോക്ക്/ ഗ്രാമപഞ്ചായത്തുകൾ മുഖേന കൃഷിയിലേക്ക് ആകർഷിപ്പിക്കുന്നതിന് യുവതി യുവാക്കൾക്ക് അവബോധം നൽകണമെന്നും ജൈവകർഷകൻ രാജു നാരായണ സ്വാമി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള ഒട്ടേറെ നൂതന കൃഷി രീതികൾ നടപ്പാക്കുന്നതായും കാർഷികോൽപാദനം വർദ്ധിപ്പിക്കാൻ വൻ പദ്ധതികൾ ആവിഷ്‌കരിച്ചതായും മുഖ്യമന്ത്രി മറുപടി നൽകി.

സർക്കാർ തലത്തിൽ കൂടുതൽ നഴ്‌സിംഗ് കോളേജുകളും പാരാ മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കണമെന്ന് ആരോഗ്യ സർവകലാശാല വി സി ഡോ. മോഹനൻ ആവശ്യപെട്ടു. ഏറെ തൊഴിൽ സാധ്യതയുള്ള നഴ്‌സിംഗ് കോളേജുകൾ, പാരാ മെഡിക്കൽ കോഴ്സുകളും കേരളത്തിൽ തുടങ്ങണമെന്നതാണ് സർക്കാർ ലക്ഷ്യമെന്നും പഠന സമയത്ത് പരിശീലനം ഉൾപ്പെടെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനം എന്ന നിലയ്ക്ക് അതിഥി തൊഴിലാളികൾക്ക് താമസിക്കാൻ ഹോസ്റ്റൽ സൗകര്യം ഉൾപ്പെടെ സർക്കാർ ഒരുക്കണമെന്നും റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന ട്രാഫിക് പരിഷ്‌ക്കരണങ്ങളുടെ നിയന്ത്രണം പ്രൊഫഷണൽ സംഘത്തെ എൽപ്പിക്കണമെന്നും വ്യവസായി ജോസഫ് മാത്യു ആവശ്യപ്പെട്ടു. അതാത് തൊഴിൽ സ്ഥാപനങ്ങൾ താമസസൗകര്യം ഒരുക്കുന്നതാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഇവരുടെ വ്യക്തിത്വം ഹനിക്കപ്പെടുന്ന രീതിയിലുള്ള ഒരു പ്രവൃത്തിയെയും പ്രോത്സാഹിപ്പിക്കില്ലെന്നും അധ്യയന രീതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. മാറുന്ന കാലത്തിനനുസരിച്ച് അധ്യാപകരും മാറണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സംവരണം കൃത്യമായി നടപ്പാക്കാൻ ജാതി സെൻസസ് നടത്തുക, ജസ്റ്റിസ് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, കേരളത്തിൽ അറബിക് സർവകലാശാല തുടങ്ങുക എന്നീ ആവശ്യങ്ങൾ പിന്നാക്കക്ഷേമ വികസന കോർപറേഷൻ കമ്മീഷൻ മുൻ അംഗമായ മുഹമ്മദ് കുഞ്ഞ് സഖാഫി ഉന്നയിച്ചു. ജാതി സെൻസസ് കേന്ദ്ര സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്തി പറഞ്ഞു. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിലെ ഒരുപാട് കാര്യങ്ങൾ നടപ്പിലാക്കി, ശേഷിച്ചവ പരിഗണിക്കാവുന്നതാണെന്നും പറഞ്ഞു.

കേരളത്തിലെ ജനസംഖ്യയുടെ 26 ശതമാനം പ്രമേഹരോഗികളാവുന്ന സ്ഥിതിയും ഭാരതപ്പുഴയുടെ നിലവിലെ സ്ഥിതിയും വളരെ ഗൗരവകരമായി കാണുന്നതായി മുഖ്യമന്ത്രി പറഞ്ഞു. നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ജീവിതശൈലി രോഗങ്ങളുടെ കാര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതേക ശ്രദ്ധ പുലർത്തുന്നുണ്ട്. ജലസ്രോതസ്സുകളിലേക്ക് മാലിന്യം തള്ളുന്നതിന് എതിരെ കൃത്യമായ നടപടി ഉണ്ടാവുമെന്നും പൊതുജനങ്ങൾ കൂടി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ നിന്ന് വൻ തോതിൽ യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നതായി ചേലക്കര ജ്യോതി എൻജിനീയറിംഗ് കോളജിലെ അക്കാദമിക വിഭാഗം മേധാവി ഫാദർ ജോസ് കണ്ണമ്പുഴ ഉന്നയിച്ചു. വിദേശ രാജ്യങ്ങളിലേക്ക് വിദ്യാർഥികൾ കൂട്ടത്തോടെ പോകുന്നതിൽ വേവലാതിപ്പെടേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് കാലത്തിന്റെ പ്രത്യേകതയാണെന്നും അതേസമയം മറുവശത്ത് ഉന്നത വിദ്യാഭ്യാസ മേഖല സർക്കാർ ശാക്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുറത്തു നിന്നുള്ള വിദ്യാർഥികളെ ഇങ്ങോട്ടും ആകർഷിക്കുകയാണ് ലക്ഷ്യം. അതിനായി ഇന്റർനാഷണൽ ഹോസ്റ്റൽ അടക്കമുള്ളവ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ലാ വ്യവസായ കേന്ദ്രങ്ങളെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് കെ.എസ്.എസ്. ഐ.എ. ജില്ലാ സെക്രട്ടറി നോബി ജോസഫ് ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ചാവക്കാട് കടലോരത്ത് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപെടുത്തണമെന്ന് വ്യവസായിയായ നൗഷാർ അഭ്യർത്ഥിച്ചു. ഇ-ഗ്രാന്റ്സ് പോലുള്ള പദ്ധതികൾ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കാൻ സഹായിക്കുന്നുണ്ടെന്നും മാറിയ കാലത്ത് ഡിജിറ്റൽ മാധ്യമങ്ങൾ കൈകാര്യം ചെയ്യാൻ ചെറുപ്രായം മുതലേ പരിശീലനം നൽകണമെന്നും പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ എം.ബി.ബി.എസ്. വിദ്യാർഥിനി എ.എം. അനീഷ പറഞ്ഞു. ചേലക്കര മണ്ഡലത്തിൽ അത്‌ലറ്റിക്‌സിനു വേണ്ടി സിന്തറ്റിക് ട്രാക്ക് നിർമിക്കണമെന്ന ട്രിപ്പിൾ ജമ്പിലെ ഏഷ്യൻ മെഡൽ ജേതാവ് എം.പി. ഷീനയുടെ ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കല, കൃഷി, സംസ്‌കാരം എന്നിവയെ ടൂറിസവുമായി ബന്ധിപ്പിച്ചുള്ള പദ്ധതികൾ തയ്യാറാക്കണമെന്ന് നാടക പ്രവർത്തകയും ജൈവ കർഷകയുമായ ശ്രീജ ആറങ്ങോട്ടുകര നിർദ്ദേശിച്ചു. സ്റ്റാർട്ടപ്പ് സംരംഭകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് പലപ്പോഴും കൃത്യമായി അവതരിപ്പിക്കാനാകുന്നില്ലെന്നും തങ്ങളുടെ ഉൽപന്നങ്ങൾ കൃത്യമായി എത്തിക്കാനുള്ള പിന്തുണ സർക്കാർ ഉറപ്പാക്കണമെന്നുമായിരുന്നു സംരംഭകനായ കൃഷ്ണകുമാർ ആവശ്യപ്പെട്ടത്. പുന്നയൂർക്കുളത്ത് 1500 കർഷകർ ഏർപ്പെട്ടിരിക്കുന്ന രാമച്ച കൃഷിയുടെ സംരക്ഷണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു പുന്നയൂർക്കുളം രാമച്ച കർഷക സംഘം പ്രസിഡന്റ് മോഹനൻ കറുത്തേടത്തിന്റെ ആവശ്യം. രാമച്ചത്തെ ഭൗമ സൂചിക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൃഷി വകുപ്പ് ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ എടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button