അപൂര്‍വരോഗപരിചരണത്തിനായി കെയര്‍ എന്ന പേരില്‍ സമഗ്ര പദ്ധതി ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: അപൂര്‍വ രോഗ പരിചരണത്തിനായി കെയര്‍ എന്ന പേരില്‍ സമഗ്ര പദ്ധതി കേരളം ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ്. രോഗങ്ങള്‍ പ്രതിരോധിക്കാനും, നേരത്തെ കണ്ടെത്താനും, ചികിത്സകള്‍ ലഭ്യമായ സാഹചര്യങ്ങളില്‍ അവ ലഭ്യമാക്കാനും, മരുന്നുകള്‍ കൂടാതെ സാധ്യമായ തെറാപ്പികള്‍, സാങ്കേതിക സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുക, ഗൃഹകേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പ് വരുത്തുക, മാതാപിതാക്കള്‍ക്കുള്ള മാനസിക, സാമൂഹിക പിന്തുണ ഉറപ്പ് വരുത്തുക തുടങ്ങിയ സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര പരിചരണ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെയര്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 61 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 31 ഐസൊലേഷന്‍ വാര്‍ഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും ഫെബ്രുവരി ആറിന് വൈകുന്നേരം 3.30ന് തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ മുഖ്യാതിഥികളാകും.