പോലീസുകാരുടെ സമയോചിതമായ ഇടപെടലിലൂടെ അമ്മയും മൂന്നുകുട്ടികളും രക്ഷപ്പെട്ടു
കൊയിലാണ്ടി: കടലിൽച്ചാടി ആത്മഹത്യചെയ്യാനൊരുങ്ങുകയായിരുന്ന അമ്മയെയും മൂന്നുമ ക്കളെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പോലീസുകാർക്ക് അഭിനന്ദനങ്ങൾ. കുറ്റ്യാടി, കൊയിലാണ്ടി പോലീസുകാരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് കൊല്ലം പാറപ്പള്ളിക്കു സമീപത്തെ കടലിൽച്ചാടി മക്കളോടൊപ്പം ജീവനൊടുക്കാനുള്ള അമ്മയുടെ ശ്രമം പരാജയ പ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
കുറ്റ്യാടി സ്വദേശിയായ അമ്മയെയും കുഞ്ഞുങ്ങളെയുമാണ് പോലീസുകാർ ഇടപെട്ട് ജീവി തത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്. സ്കൂളിലെത്തി അമ്മ മൂന്നു കുഞ്ഞുങ്ങളെയും വിളിച്ച് കൊണ്ടു പോയതിൽ പന്തികേട് തോന്നിയ അധ്യാപകർ പെട്ടെന്നു തന്നെ വിവരം കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സി ഐയായ ഇ കെ ഷിജു അമ്മയായ സ്ത്രീയുടെ ഫോണിന്റെ ലൊക്കേഷൻ പരിശോധിച്ചു. കൊയിലാണ്ടി കൊല്ലം മന്ദമംഗലം പരിസരത്ത് ഇവർ ഉള്ളതായി വ്യക്തമായതോടെ കൊയിലാണ്ടി പോലീസിന് ഉടനടി വിവരം കൈമാറി. കൊയിലാണ്ടിയിലെ ഗ്രേഡ് എസ് ഐ. തങ്കരാജ്, കുറ്റ്യാടി സി ഐയിൽനിന്ന് വിവരം ലഭിച്ചയുടൻ മന്ദമംഗലം ഭാഗത്തേക്ക് എത്തി, വീണ്ടും ലൊക്കേഷൻ പരിശോധിച്ചപ്പോൾ കൊല്ലം പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളതെന്ന് മനസ്സിലാക്കി. ഉടൻ തന്നെ തങ്കരാജും സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടിലേക്ക് കുതിച്ചെത്തി. ഈ സമയം മക്കളോടൊപ്പം കടലിലേക്ക് ചാടാനുള്ള ഒരുക്കത്തിലായിരുന്ന യുവതിയെ പോലീസ് സംഘം അനുനയിപ്പിച്ച് ജീപ്പിൽ കയറ്റി കൊയിലാണ്ടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് അമ്മയെയും കുട്ടികളെയും കുറ്റ്യാടി പോലീസിന് കൈമാറി.