കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തില്‍ 110 കെ വി സബ്ബ് സ്‌റ്റേഷന്‍ സ്ഥാപിക്കാനുളള പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. നഗരസഭ സ്ഥലം കണ്ടെത്തി നൽകാത്തതാണ് കാരണമെന്ന് കെ എസ് ഇ ബി അധികതർ പറയുന്നു. സബ്ബ് സ്റ്റേഷന് ആവശ്യമായ സ്ഥലം ഇതുവരെ ലഭിച്ചിട്ടില്ല. കൊല്ലം ഭാഗത്ത് ഏതാനും സ്വകാര്യ വ്യക്തികളുടെ സ്ഥലം വില കൊടുത്തു വാങ്ങാന്‍ നഗരസഭാധികൃതര്‍ ഇടപെട്ട് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. കൊയിലാണ്ടി, പയ്യോളി നഗരസഭയിലേയും, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി പഞ്ചായത്തുകളിലേയും വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാണ് വൈദ്യുതി ബോര്‍ഡ് കൊയിലാണ്ടി ടൗണ്‍ 110 കെ വി സബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഭരണാനുമതി നല്‍കിയത്.
സ്ഥലമേറ്റെടുപ്പ് ഉള്‍പ്പടെയുളള പ്രവര്‍ത്തനങ്ങള്‍ക്കായി 20.6 കോടിരൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്. അനുമതി ലഭിച്ചിട്ട് മൂന്ന് വര്‍ഷത്തോളമായെങ്കിലും സ്ഥലം ലഭ്യമാക്കാന്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല.കൊയിലാണ്ടിയില്‍ 110 കെ വി ഗ്യാസ് ഇന്‍സുലേറ്റഡ് സബ്ബ് സ്റ്റേഷന്‍ സ്ഥാപിക്കാനാണ് കെ എസ് ഇ ബി ട്രാന്‍സ്മിഷന്‍ വിഭാഗം ശ്രമിക്കുന്നത്.
മുന്‍ കാലങ്ങളില്‍ സബ്ബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ 75 സെന്റിലധികം സ്ഥലം വേണ്ടി വരുമായിരുന്നു. എന്നാല്‍ ഗ്യാസ് ഇന്‍സുലേറ്റഡ് സബ്ബ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ 30-35 സെന്റ് സ്ഥലം മാത്രം മതി. ഗുണമേന്മയുളള വൈദ്യുതി തടസ്സമില്ലാതെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും പ്രസരണ മേഖല കാര്യക്ഷമമാക്കാനുമാണ് സബ്ബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. പ്രധാനമായും റെയില്‍വേ ലൈനിനും കടലിനും ഇടയിലുളള സ്ഥലത്താണ് കൊയിലാണ്ടിയിലെ ഭൂരിപക്ഷം വ്യാപാര സ്ഥാപനങ്ങളും തൊഴില്‍ സ്ഥാപനങ്ങളുമുളളത്. താലൂക്കാശുപത്രി, സര്‍ക്കാര്‍ ഓഫീസുകള്‍, ജയില്‍, ബസ്സ് സ്റ്റാന്റ് ഇതെല്ലാം ഈ മേഖലയിലാണ്. കൊയിലാണ്ടി ടൗണിനോട് ചേര്‍ന്ന് 35 സെന്റ് സ്ഥലം ലഭ്യമായാല്‍ കോഴിക്കോട് ഗാന്ധി റോഡിലെ ഗ്യാസ് ഇന്‍സുലേറ്റഡ് സബ്ബ് സ്‌റ്റേഷന്‍ മാതൃകയില്‍ ഇവിടെയും സബ്ബ് സ്‌റ്റേഷന്‍ സ്ഥാപിക്കാമെന്ന് കെ എസ് ഇ ബി അധികൃതര്‍ പറയുന്നു. സ്ഥലം ലഭ്യമാക്കാത്തതാണ് ഇപ്പോഴുള്ള ഏക തടസ്സം.
വോള്‍ട്ടേജ് ക്ഷാമമാണ് കൊയിലാണ്ടിയിലെ ഗാര്‍ഹികോപഭോക്താക്കളും തൊഴില്‍ മേഖല യുമായി ബന്ധപ്പെടുന്നവരും അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. കൊയിലാണ്ടിയില്‍ 23,000 വൈദ്യുതി ഉപഭോക്താക്കളാണ് ഉളളത്. പൂക്കാട് 22,000,പയ്യോളി 18,000,തിക്കോടി 14,000, മൂടാടി 16,000 എന്നിങ്ങനെയാണ് ഉപഭോക്താക്കളുടെ കണക്ക്. ഗാര്‍ഹിക ഉപഭോക്താക്കളും മറ്റ് സ്ഥാപനങ്ങളും കൂടി വരുന്നതിനനുസരിച്ച് വൈദ്യുതി ഉപഭോഗം ഇനിയും കൂടും. അതിനനുസരിച്ച് പ്രസരണ മേഖല ശക്തിപ്പെടുത്തണം. നിലവില്‍ കന്നൂര് സബ്ബ് സ്റ്റേഷനില്‍ നിന്ന് അഞ്ച് ഫീഡറുകളിലൂടെയാണ് കൊയിലാണ്ടി ഭാഗത്തേക്ക് വൈദ്യുതിയെത്തിക്കുന്നത്. ഇതില്‍ രണ്ട് ഫീഡറുകള്‍ ഇപ്പോള്‍ കേബിള്‍ വഴിയാക്കിയിട്ടുണ്ട്. ഫീഡറുകളില്‍ തകരാര്‍ സംഭവിക്കുമ്പോള്‍ വൈദ്യുതി വിതരണത്തെ ബാധിക്കും. കന്നൂര് സബ്ബ് സ്റ്റേഷനില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ 11 കെ വി ലൈനിലൂടെയാണ് കൊയിലാണ്ടി മേഖലയിലേക്ക് വൈദ്യുതി എത്തിക്കുന്നത്. കൊയിലാണ്ടിയിൽ തന്നെ സബ് സ്റ്റേഷൻ സ്ഥാപിതമായാൽ പ്രസരണ നഷ്ടം ഉൾപ്പടെ പരിഹരിക്കാൻ കഴിയും.
സബ് സ്റ്റേഷന് ആവശ്യമായ സ്ഥലമേറ്റെടുത്തു കിട്ടിയാല്‍ ഒന്നര വര്‍ഷംകൊണ്ട് സബ്ബ് സ്‌റ്റേഷന്റെ പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.