KERALA

സംസ്ഥാനത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെക്കുറിച്ചു പഠിക്കാൻ നാഗാലാൻഡ് സംഘം കേരളത്തിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനത്തെക്കുറിച്ച് പഠിക്കാനായി നാഗാലാൻഡ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിൽ നിന്നുള്ള പതിനൊന്നംഗ ഉന്നതതല സംഘം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജനുവരി 14 ന് കേരളത്തിൽ എത്തി. ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ചതും കാര്യക്ഷമവുമായ സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ വകുപ്പിന്റെ പ്രവർത്തനങ്ങൾ, കൈവരിച്ച പ്രധാന നേട്ടങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാനും, നടപ്പിൽ വരുത്താനുമാണ് പ്രധാനമായും സന്ദർശനത്തിലൂടെ സംഘം ലക്ഷ്യമിടുന്നത്.

നാഗാലാൻഡ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഐ ടി വകുപ്പ് സെക്രട്ടറി മുഹമ്മദ് അലി, വകുപ്പ് ഡയറക്ടർ എൻ അങ്കാമി എന്നിവരുടെ നേതൃത്വത്തിലൂള്ള സംഘമാണ് സന്ദർശിക്കുന്നത്. ജനുവരി 16 ന് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡയറക്ടറേറ്റിൽ കൂടിയ യോഗത്തിൽ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും, വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ, സർവേകൾ എന്നിവയെക്കുറിച്ചും ഡയറക്ടർ ബി. ശ്രീകുമാർ പ്രതിനിധി സംഘത്തിനുമുന്നിൽ വിശദീകരിച്ചു.

അഡീഷ്ണൽ ഡയറക്ടർമാരായ പി ഡി സന്തോഷ് കുമാർ, ടി പി വിനോദൻ, എം മനോജ് എന്നിവർ വകുപ്പിന്റെ പ്രധാന പദ്ധതിയായ ഇഎആർഎഎസ്, വിലശേഖരണം, സംസ്ഥാന വരുമാനം, തുടങ്ങിയവയെകുറിച്ചും വകുപ്പിന്റെ മറ്റ് പ്രധാന പ്രവർത്തനങ്ങളെക്കുറിച്ചും  വിശദമായ അവതരണം  നടത്തി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു. ദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രമായ സ്റ്റേറ്റ് അക്കാദമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ (SASA), കേരള സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി. സന്ദർശനത്തിന്റെ അവസാന ദിവസമായ ജനുവരി 17 ന് ഫീൽഡ് തല സന്ദർശനവും നടത്തുന്നുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button