സംസ്ഥാനത്ത് മുല്ലയുടെയും താമരയുടെയും വില കുത്തനെ ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പൂക്ഷാമവും രൂക്ഷമാകുന്നു. ചോദിക്കുന്ന വില നൽകാൻ തയ്യാറായാലും ആവശ്യത്തിന് പൂവ് കിട്ടുന്നില്ല എന്നതാണ് നിലവിലെ സാഹചര്യം. വിവാഹത്തിനും മറ്റുമൊക്കെ ഒരു മുഴം മുല്ല കിട്ടണമെങ്കില്‍ പോലും തലേന്നു തന്നെ ഏര്‍പ്പാടാക്കേണ്ട സ്ഥിതിയാണ്. സംസ്ഥാനത്ത് ഒരു കിലോ മുല്ലപ്പൂവിന് ഇപ്പോൾ 2700 രൂപയാണ് വില. ഒരു താമരപൂവിന് 30 രൂപയും.
തോവാളയിൽ നിന്നാണു മുല്ലപ്പൂ എത്തുന്നത്. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കാണ് മുല്ലപ്പൂ കൂടുതലായും ഉപയോഗിക്കുന്നത്. അവിടെ രണ്ടു കിലോഗ്രാമിന് ബുക്ക് ചെയ്താൽ ഒരു കിലോഗ്രാം കിട്ടിയാലായി. അവർ 2500 രൂപയ്ക്കു നൽകുന്നതാണ് ഇവിടത്തെ കടകളിൽ 2700നു വിൽക്കുന്നത്. ചെറിയ മുല്ലയാണു വരുന്നത്. അതിനാൽ കേടാകുന്നതിന്റെ തോതും കൂടും. രണ്ടു മാസം മുൻപ് 500 രൂപ മുതൽ 700 രൂപ വരെയായിരുന്നു വില. അത് ആയിരത്തിൽ എത്തിയശേഷം കുതിക്കുകയായിരുന്നു. ഒരു താമരയ്ക്കു 3 മാസം മുൻപു വില 5 രൂപ. ഇപ്പോൾ 30 രൂപ കൊടുക്കണം.
താമര തോവാളയിൽ നിന്നും തിരുവനന്തപുരത്തെ വെള്ളായണിയിൽ നിന്നുമാണ് വിപണിയിൽ എത്തുന്നത്. വെള്ളായണി കായലിൽ ഇപ്പോൾ താമര ഇല്ല. മുൻപു ദിവസം 1000 താമരപ്പൂക്കൾ അവിടെ നിന്ന് എത്തിയിരുന്നു. ഇപ്പോൾ നൂറു താമര ചോദിച്ചാൽ കഷ്ടിച്ച് 40 എണ്ണം തോവാളയിൽ നിന്നു വരും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദിവസം 50 താമരയാണു വേണ്ടെന്നു പുഷ്പവ്യാപാരികൾ പറയുന്നു. ഇതുപോലെ നിത്യപൂജയ്ക്കു താമര ഉപയോഗിക്കുന്ന ഒട്ടേറെ ക്ഷേത്രങ്ങൾ ഉണ്ട്. ജനുവരി പകുതിയോടെ മുല്ലയും താമരയും വിലക്കുറവിൽ ആവശ്യത്തിനു കിട്ടുമെന്നാണു വ്യാപാരികൾ പറയുന്നത്.