KERALA

സന്നിധാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഏര്‍പ്പെടുത്തിയ ക്യൂ സംവിധാനം നിര്‍ത്തലാക്കി

ശബരിമല: സന്നിധാനത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഏര്‍പ്പെടുത്തിയ ക്യൂ സംവിധാനം നിര്‍ത്തലാക്കി.  ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വലിയ നടപ്പന്തലില്‍ ദേവസ്വം ബോര്‍ഡ് നടപ്പിലാക്കിയ സംവിധാനമാണ് നിര്‍ത്തലാക്കിയത്. നിലവില്‍ ഈ ക്യൂവിലൂടെ പ്രത്യേക പരിഗണന നല്‍കാതെ എല്ലാ തീര്‍ത്ഥാടകരെയും കടത്തി വിടുന്നുണ്ട്. മല കയറി സന്നിധാനത്ത് എത്തുന്ന കുട്ടികള്‍ക്കും വയോധികര്‍ക്കും സുഖദര്‍ശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ക്യൂ സംവിധാനമാണ് യാതൊരു മുന്നറിയിപ്പും കൂടാതെ നിര്‍ത്തലാക്കിയിരിക്കുന്നത്.

നടപ്പന്തലിലെ ഒമ്പതാം വരിയാണ് കുട്ടികളെയും വയോധികരെയും കടത്തിവിടാനായി സജ്ജമാക്കിയിരുന്നത്. കുട്ടികള്‍ക്കൊപ്പം എത്തുന്ന ഒരാള്‍ക്ക് കൂടി ഈ ക്യൂവില്‍ പ്രവേശിക്കാം. പ്രത്യേക ക്യൂവിലൂടെ മേലെ തിരുമുറ്റത്ത് കൂടി പതിനെട്ടാം പടി ചവിട്ടിയെത്തുന്ന കുട്ടികള്‍ക്കും വയോധികള്‍ക്കും സുഖദര്‍ശനം സാധ്യമാക്കുന്നതിനായി തിരുനടയിലെ ഒന്നാം നിരയും ഒരുക്കിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ നാല് ദിവസങ്ങളായി വലിയ നടപ്പന്തലിലെ പ്രത്യേക ക്യൂവിലൂടെ യുവാക്കള്‍ അടക്കമുള്ള മുഴുവന്‍ തീര്‍ത്ഥാടകരെയും കടത്തിവിടുന്നുണ്ട്.

ഇതുകൊണ്ട് മല കയറി ക്ഷീണിതരായ എത്തുന്ന കുട്ടികള്‍ക്കും വയോധികര്‍ക്കും വീണ്ടും മണിക്കൂറുകളോളം നേരം വലിയ നടപ്പന്തലിലെ ക്യൂവില്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. ഇത് സംബന്ധിച്ച് പോലീസുകാരോട് പരാതി പറഞ്ഞാലും യാതൊരു നടപടിയും ഉണ്ടാകാറില്ലെന്നും തീര്‍ത്ഥാടകര്‍ പറയുന്നു. മണ്ഡലപൂജയോട് അനുബന്ധിച്ച് തിരക്ക് വര്‍ദ്ധിക്കുന്ന വരും ദിവസങ്ങളില്‍ പ്രത്യേക ക്യൂ സംവിധാനം നിര്‍ത്തലാക്കിയത് കുട്ടികളെയും വയോധികരെയും ഏറെ ദുരിതത്തിലാക്കുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button