കോവിഡ്. വൈദ്യുതി ചാർജ്ജിൽ ഇളവുകൾ പ്രഖ്യാപിച്ചു

കോവിഡ് പശ്ചാത്തലത്തില്‍ കെ.എസ്.ഇ.ബി. ആശ്വാസ പദ്ധതികള്‍ക്ക് രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  500 വാട്ട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി സൗജന്യമായി വൈദ്യുതി നല്‍കുന്ന പദ്ധതി, പ്രതിമാസം 30 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കൂടി ബോധകമാക്കും. കണക്ടഡ് ലോഡ് വ്യത്യാസപ്പെടുത്താതെയാവും ഇത്.

1000 വാട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗം ഉള്ളതുമായ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ യൂണിറ്റ് ഒന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് കണക്ടഡ് ലോഡ് പരിധി വൃത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് കൂടി അനുവദിക്കും.

ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജില്‍ 25 ശതമാനമാക്കി

വാണിജ്യ/ വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജില്‍ 25 ശതമാനം ഇളവ് നല്‍കും. സിനിമ തീയേറ്ററുകള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജില്‍ 50 ശതമാനം ഇളവ് നല്‍കും. ഈ വിഭാഗങ്ങള്‍ക്ക് ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജ്ജിേന്മേല്‍ നല്‍കുന്ന ഇളവുകള്‍ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ പലിശ രഹിതമായി മൂന്നു തവണകള്‍ അനുവദിക്കും. ഈ ഉപഭോക്തൃ വിഭാഗങ്ങള്‍ പ്രസ്തുത കാലയളവിലെ ബില്‍ തുക ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലുകളില്‍ ക്രമപ്പെടുത്തി നല്‍കും.

Comments

COMMENTS

error: Content is protected !!