മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയം പ്രഖ്യാപിച്ചു

മുംബൈ: മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. വിപണിയിലെ പണ ലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ‘ഉള്‍ക്കൊള്ളാവുന്നത്’ (അക്കോമഡേറ്റീവ്) നയം പിന്‍വലിക്കാനും എംപിസി യോഗത്തില്‍ ധാരണയായതായും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. നാണയപ്പെരുപ്പം നിയന്ത്രണവിധേയമാണെങ്കിലും വിലക്കയറ്റിന് ഊര്‍ജ്ജം പകരുന്ന യാതൊരു നടപടികളും സ്വീകരിക്കേണ്ടതില്ലെന്നാണ് റിസര്‍വ് ബാങ്ക് നിലപാട്. സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനമായും തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

2022 മെയില്‍ ആരംഭിച്ച നിരക്ക് വര്‍ധനവിന് 2023 ഫെബ്രുവരിയിലാണ് അവസാനിച്ചത്. വിവിധ ഘട്ടങ്ങളിലായി നിരക്കില്‍ 2.50 ശതമാനം വര്‍ധന വരുത്തുകയും ചെയ്തു. പണപ്പെരുപ്പനിരക്ക് നാല് ശതമാനത്തിന് താഴെ എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടികളുമായി മുന്നോട്ട് പോകാനും എംപിസി യോഗം തീരുമാനിച്ചു.

Comments
error: Content is protected !!