അമിതഭാരം കയറ്റി വരുന്ന ചരക്ക് ലോറികൾക്കെതിരെ നടപടി കർശനമാക്കുമെന്ന് റോഡ് സുരക്ഷാ അതോറിറ്റി
കോഴിക്കോട് : അമിതഭാരം കയറ്റി വരുന്ന ചരക്ക് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷ അതോറിറ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ ക്വാറി, ക്രഷര്‍ യൂണിറ്റുകളില്‍ നിന്നും ചരക്ക് കയറ്റുന്ന ലോറികളും ഇരുമ്പ്, സിമന്റ്, മാര്‍ബിള്‍ തുടങ്ങിയ ചരക്കുകള്‍ കയറ്റുന്ന ലോറികളും അനുവദിച്ചതില്‍ കൂടുതല്‍ ഭാരം കയറ്റിവരുന്ന സംഭവം നിത്യമാണെന്ന് ജില്ലാ റോഡ് സുരക്ഷാ സെക്രട്ടറി അറിയിച്ചു. ഓരോ മാസവും അമിതഭാരം കയറ്റിയ നിരവധി ചരക്ക് വാഹനങ്ങള്‍ നിയമലംഘനം നടത്തിയതിന് പിടികൂടിയതായും നിയമലംഘനം നടത്തിയ ഡ്രൈവർമാരുടെ ലൈസന്‍സുകള്‍ റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു.
ചുരത്തില്‍ ഉള്‍പ്പടെ ഗതാഗത അമിതഭാരം കയറ്റിയ ലോറികള്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാല്‍ പരിശോധന കര്‍ശനമാക്കണമെന്നും ലോറികളിലെ അനുവദിച്ചതില്‍ കൂടുതല്‍ ഭാരം കയറ്റുന്നത് സംബന്ധിച്ച് വേ ബ്രിഡ്ജ് ഉൾപ്പടെ സ്ഥാപിച്ച് ഭാരപരിശോധന നടത്തുവാൻ , ജിയോളജി, പോലീസ് , മോട്ടോര്‍ വാഹന വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
റോഡ് അപകടങ്ങള്‍ തടയുന്നതിനും അപകട മരണങ്ങള്‍ കുറയ്ക്കുന്നതിനുമായി ജില്ലാ തല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ തീരുമാനിച്ചു. തിരക്കുള്ള സിറ്റി പരിസരങ്ങളിലെ റോഡുകളില്‍ പൊതുജനങ്ങള്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിനായി റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ റോഡ് മുറിച്ച് കടക്കുന്നതിനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, ഡിസിപി അനൂജ് പലിവാള്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ബി ഷെഫീഖ് വടകര, കോഴിക്കോട് ആര്‍ടിഒമാര്‍, പൊതുമരാമത്ത്, ദേശീയപാത, കെഎസ്ഇബി, എല്‍എസ്ജിഡി സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.