സ്കൂൾ ജീപ്പ് ഡ്രൈവർക്ക് പേപ്പട്ടിയുടെ കടിയേറ്റു

 കോഴിക്കോട് :ചാത്തമംഗലം നെച്ചൂളി തിരുവച്ചാലിൽ ബാബുവിനാണ് (60) കടിയേറ്റത്. ഇന്ന് വൈകുന്നേരം നാല് മണിക്കാണ് സംഭവം. ജീപ്പ് നിർത്തി കുട്ടികളെ വണ്ടിയിൽനിന്ന് ഇറക്കുമ്പോൾ പേപ്പട്ടി ഓടിവന്ന് കടിക്കുകയായിരുന്നു. പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പാലക്കാട് ആർ.ഡി.ഡി.എല്ലിലാണ് (ഡിസീസ് ഡയ​ഗ്നോസിസ് ലാബ്) പരിശോധന നടത്തിയത്. തിരുവോണ നാളിലാണ് ഷോളയൂരിലെ കുട്ടിയെ നായ കടിച്ചത്.

തിരുവോണ ദിവസം വീട്ടുമുറ്റത്ത് ഓടിക്കളിക്കുകയായിരുന്ന ആദിവാസി ബാലനെയാണ് നായ ആക്രമിച്ചത്. ഷോളയൂർ സ്വർണപിരിവിൽ മണികണ്ഠന്റെയും പാർവതിയുടെയും മകൻ ആകാശിനാണ് (3) 8ന് വൈകിട്ട് ആറോടെ പട്ടിയുടെ കടിയേറ്റത്. കണ്ണിനോടു ചേർന്ന് ഒന്നിലേറെ മുറിവുകളുണ്ട്. കുട്ടിയെ കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറ്റഗറി 3ൽ ഉൾപ്പെട്ട മുറിവായതിനാൽ കുട്ടിക്കു പേവിഷ ബാധക്കെതിരെ സീറവും വാക്സീനും നൽകി. വീട്ടിലേക്കു മടങ്ങിയ കുട്ടിയെ പിറ്റേന്നു വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാക്സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ്പെടുത്ത ശേഷം ഇന്നലെയാണ് കുട്ടി ആശുപത്രി വിട്ടത്.

Comments

COMMENTS

error: Content is protected !!