കോട്ടയം: അച്ഛന്‍റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത മകൻ സ്വയം അന്വേഷിച്ച് കണ്ടെത്തി. ഐഎംഎ ഭാരവാഹി കൂടിയായ കോട്ടയം സ്വദേശി ഡോ ബിപിന്‍ മാത്യുവാണ് അച്ഛൻ വാഹനാപകടത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട പൊലീസ് നിഗമനങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയത്. ബൈക്കില്‍ നിന്ന് വീണ് മരിച്ചെന്ന് പൊലീസ് പറഞ്ഞ സംഭവം, അങ്ങനെയല്ലെന്ന് ബിപിന്‍ ശാസ്ത്രീയമായി തെളിയിച്ചു. ഇതോടെ പ്രതിക്കെതിരെ പൊലീസിന് കേസെടുക്കേണ്ടി വന്നു.
ഈ വര്‍ഷം ആഗസ്തിലാണ് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായ എം വി മാത്യു വാഹനാപകടത്തില്‍ മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കവേ വീണ് മരിച്ചെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ ബൈക്ക് സ്കിഡായി ഉണ്ടായ അപകടമല്ലെന്ന് പരിക്കുകള്‍ കണ്ടപ്പോള്‍ സര്‍ജനായ മകൻ മനസ്സിലാക്കി. ഇടത്തോട്ടാണ് വീണത്. അപ്പോള്‍ പ്രധാനമായി ഇടതു വശത്താണ് പരിക്ക് വരിക. എന്നാല്‍ അച്ഛന്‍റെ കാര്യത്തില്‍ വലതു വശത്തെ 10 വാരിയെല്ലുകളാണ് പൊട്ടിയത്. വലത്തെ തലയോട്ടി പൊട്ടി തലച്ചോറിനകത്ത് രക്തസ്രാവമുണ്ടായി. ഇടത്തോട്ട് വീണൊരാള്‍ക്ക് എങ്ങനെ വലതുവശത്ത് ഇത്രയും പരിക്ക് പറ്റിയെന്ന് മനസ്സിലായില്ല. അതായത് ടേണ്‍ ചെയ്തിട്ടാണ് വീണത്. പുറത്തുനിന്നൊരു ഫോഴ്സില്ലാതെ ഇങ്ങനെ ടേണ്‍ ആവില്ലെന്ന് ഡോ ബിപിന്‍ പറഞ്ഞു.
ഒച്ച കേട്ട് ആദ്യം അപകട സ്ഥലത്തെത്തിയത് ആമസോണ്‍ ഡെലിവറി ബോയ് ആണ്. അദ്ദേഹം അപകടം നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹം പറഞ്ഞത് ഒരു ഓട്ടോ നിര്‍ത്തിയിട്ടുണ്ടായിരുന്നു, രണ്ട് ബൈക്കുകാരും ഉണ്ടായിരുന്നു എന്നാണ്. ആശുപത്രിയില്‍ കൊണ്ടുപോവാമെന്ന് പറഞ്ഞപ്പോള്‍ ഓട്ടോക്കാരന്‍ ‘ഇതെന്റെ വണ്ടി തട്ടിയതൊന്നുമല്ല കൊണ്ടുപോയാല്‍ എന്റെ തലയിലിരിക്കു’മെന്ന് പറഞ്ഞിട്ട് ഓട്ടോയെടുത്തുപോയെന്നും ആമസോണ്‍ ഡെലിവറി ബോയ് പറഞ്ഞു. അവിടെ നിന്നാണ് ഡോ ബിപിന്‍ സംശയം തോന്നിയത്. അച്ഛന്‍റെ ബൈക്കിന്റെ ക്രാഷ് ഗാര്‍ഡിന്റെ പുറകില്‍ കറുത്ത പെയിന്റ് കണ്ടു. ഈ സംശയങ്ങളൊക്കെ പൊലീസിനോട് പങ്കുവെച്ചു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഓട്ടോ വരുന്നതും മൂന്ന് മിനിട്ടിനുള്ളില്‍ തിരിച്ചുപോവുന്നതും കാണുന്നുണ്ട്.
അപ്പോഴും ഓട്ടോക്കാരന്‍ തന്‍റെ വണ്ടി തട്ടിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് ഓട്ടോയുടെയും ബൈക്കിന്‍റെയും പെയിന്‍റില്‍ ഫോറന്‍സിക് പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് ഫലം കിട്ടിയത്. ബൈക്കില്‍ പറ്റിപ്പിടിച്ച പെയിന്‍റും ഓട്ടോയിലെ പെയിന്‍റും ഒന്നാണെന്ന് വ്യക്തമായി. അതോടെ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അച്ഛനെ അറിയുന്ന ആളാണ് ഓട്ടോ ഡ്രൈവറെന്നും ഇടിച്ചെന്ന് മാത്രമല്ല അച്ഛനെ അപ്പോള്‍ത്തന്നെ ആശുപത്രിയിലെത്തിക്കാന്‍ പോലും ഇയാള്‍ തയ്യാറായില്ലെന്നും ഡോ ബിപിന്‍ മാത്യു പറഞ്ഞു.
Post Views: 30