ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി വരാനായി മാസങ്ങളായി കാത്ത് താലൂക്ക് ഓഫിസ്
പയ്യന്നൂര്‍: താലൂക്ക് ഓഫിസ് കെട്ടിടം ഉദ്ഘാടനത്തിന് വകുപ്പ് മന്ത്രിയെ മാസങ്ങളായി കാത്തിരിക്കുന്നു. 2021 ജനുവരി 27ന് അന്നത്തെ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ തറക്കല്ലിട്ട കെട്ടിടം പൂര്‍ത്തിയാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും, ഉദ്ഘാടനത്തിന് ഇപ്പോഴത്തെ റവന്യു മന്ത്രിയെ കാത്തിരിക്കുകയാണ്.
താലൂക്ക് ഓഫിസ് റവന്യു കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കെട്ടിട നിര്‍മാണത്തിന് ഈ സ്ഥലത്ത് നിന്ന് കുടിയൊഴിയേണ്ടി വന്ന പയ്യന്നൂര്‍ വില്ലേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്.
സാധാരണ പുതിയ കെട്ടിടം നിര്‍മിക്കുമ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സൗകര്യത്തേക്കാള്‍ കൂടുതല്‍ സൗകര്യമുണ്ടാകും. എന്നാല്‍ ഇവിടെ പണിത കെട്ടിടത്തിന് കൂടുതല്‍ സൗകര്യം ഇല്ലെന്ന് മാത്രമല്ല, തഹസില്‍ദാരുടെ ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പോലുമില്ല.
ജീവനക്കാര്‍ അവരുടെ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്വകാര്യ വ്യക്തികളുടെ പറമ്പ് തേടി പോകണം. മൂന്ന് നില കെട്ടിടത്തില്‍ താഴത്തെ നിലയില്‍ വില്ലേജ് ഓഫിസ്, പാര്‍ക്കിങ് ഏരിയയുമായിരുന്നു പ്ലാനില്‍ ഉണ്ടായിരുന്നത്. രണ്ടും മൂന്നും നിലകളില്‍ താലൂക്ക് ഓഫിസ് പ്രവര്‍ത്തനവും.
എന്നാല്‍ നിര്‍മാണം അവസാന ഘട്ടത്തില്‍ എത്തിയപ്പോഴാണ് പുതിയ കെട്ടിടത്തില്‍ തഹസില്‍ദാര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലെന്നറിയുന്നത്. അതോടെ താഴത്തെ നിലയിലെ പാര്‍ക്കിങ് ഏരിയ ഓഫിസ് മുറികളാക്കി മാറ്റി. പാര്‍ക്കിങ്ങിന് പുതിയ സ്ഥലം കണ്ടെത്തിയതുമില്ല. മിനി സിവില്‍ സ്റ്റേഷനില്‍ താലൂക്ക് ഓഫിസിന് കോണ്‍ഫറന്‍സ് ഹാള്‍ ഇല്ല എന്നതായിരുന്നു പ്രശ്‌നം.
മാസം തോറും ചേരുന്ന താലൂക്ക് വികസന സമിതി യോഗങ്ങള്‍ ചേരാന്‍ മറ്റ് സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തേടി പോവുകയാണ് പതിവ്. അതിന് പരിഹാരം പുതിയ കെട്ടിടത്തിലുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ കെട്ടിടത്തിലും കോണ്‍ഫറന്‍സ് ഹാളിന് സ്ഥലമില്ല.