പാഠപുസ്തകത്തിൽ ശാസ്ത്രബോധം വളർത്താനുള്ള പാഠങ്ങളും ലൈംഗിക വിദ്യാഭ്യാസവും ഉൾപ്പെടുത്തും; വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി പുതുക്കുന്ന പാഠപുസ്തകങ്ങളിൽ ആധുനിക കാലത്തിന്റെ എല്ലാ വെല്ലുവിളികളേയും നേരിടാനാവശ്യമായ പാഠഭാഗങ്ങൾ ഉൾകൊള്ളിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.  ശാസ്ത്രാവബോധം വളർത്താനുള്ള പാഠങ്ങൾ, ലൈംഗിക വിദ്യാഭ്യാസം, കുട്ടികളുടെ അവകാശങ്ങൾ, പ്രധാനമായും പോക്സോ നിയമം തുടങ്ങിയവാണ് പാഠ്യപദ്ധതിയില്‍​ ഉള്‍കൊള്ളിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള പാഠഭാ​ഗങ്ങൾ ഉണ്ടായിരിക്കും. ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. മാലിന്യ നിർമാർജ്ജനം സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ചെറിയ ക്ലാസ് മുതൽ പാഠങ്ങൾ ഉൾപ്പെടുത്തും. കാലാവസ്ഥാ വ്യതിയാനം- ആഗോളതാപനം സംബന്ധിച്ച പാഠങ്ങളും പരിഷ്കരിച്ച പുസ്തകത്തിൽ ഉൾപ്പെടും.

തൊഴിലിനോട് കുട്ടികൾക്ക് പോസിറ്റീവായ മനോഭാവം വളർത്താനുള്ള പ്രത്യേക പുസ്തകങ്ങൾ തന്നെ തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് യോഗ ഉൾപ്പെടെ പ്രത്യേകം പുസ്തകങ്ങൾ, റോഡ് സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച പാഠങ്ങൾ, കലാവിദ്യാഭ്യാസത്തിന് അഞ്ചാം ക്ലാസ് മുതൽ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Comments
error: Content is protected !!