സംസ്ഥാന വ്യാപകമായി മൃഗാശുപത്രികളിൽ വിജിലൻസ് മിന്നൽ പരിശോധന തുടരുന്നു

തിരുവനന്തപുരം:  സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്താനായിവിജിലൻസിന്റെ മിന്നല്‍ പരിശോധന. സംസ്ഥാന വ്യാപകമായി മൃഗാശുപത്രികളിൽ ഒരേസമയത്ത്  ഉദ്യോഗസ്ഥരെത്തിയാണ് പരിശോധന തുടങ്ങിയത്.

ചില മൃഗാശുപത്രികളിലെ ഡോക്ടർമാർ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽനിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്സിനുകളും വാങ്ങി കൂടിയ വിലയ്ക്ക് ഉപഭോക്താക്കൾക്ക് മൃഗാശുപത്രികൾ മുഖേന വിൽക്കുന്നതായും, ചില മൃഗാശുപത്രികളിലെ ഡോക്ടർമാർ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസ് നടത്തിവരുന്നതായും,  ചില ഡോക്ടർമാർ സർക്കാർ വിതരണം ചെയ്യുന്ന മരുന്നുകളും വാക്സിനുകളും ഉപഭോക്താക്കൾക്ക് നൽകുന്നതായി വ്യാജമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോൾ വിതരണം ചെയ്ത് പണം കൈപ്പറ്റുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷൻ വെറ്റ് സ്കാൻ’എന്ന പേരിൽ തിരഞ്ഞെടുത്ത മൃഗാശുപത്രികളിൽ സംസ്ഥാന വ്യാപകമായി ഒരേ സമയം മിന്നൽ പരിശോധന നടത്തുന്നത്.

തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എട്ട് വീതവും, കോട്ടയം ജില്ലയിൽ അഞ്ചും, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നാല് വീതവും, മറ്റ് ജില്ലകളിൽ മൂന്ന് വീതവും ഉൾപ്പടെ ആകെ 56 മൃഗാശുപത്രികളിലാണ്  മിന്നൽ പരിശോധന നടത്തുന്നത്. വിജിലൻസ് ഡയറക്ടർ  ടി കെ വിനോദ് കുമാറിന്റെ ഉത്തരവ് പ്രകാരം വിജിലൻസ് ഐ ജി ഹർഷിത അത്തല്ലൂരിയുടെ മേൽനോട്ടത്തിലാണ് നടപടികൾ.  പോലീസ് സൂപ്രണ്ടായ ഇ എസ് ബിജുമോനാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും ഇന്നത്തെ മിന്നല്‍ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.

Comments
error: Content is protected !!