വിഷൻ ഇൻട്രോസ്പെക്റ്റീവ് ശ്രദ്ധേയമാകുന്നു

കൊയിലാണ്ടി: ശ്രദ്ധ ആർട്ട് ഗാലറിയിൽ ആരംഭിച്ച അന്താരാഷ്ട്ര ചിത്രപ്രദർശനം ‘വിഷൻ ഇൻട്രൊസ്പെക്ടീവ് ‘ ശ്രദ്ധേയമാകുന്നു. പത്ത് രാജ്യങ്ങളിലെ 25 ചിത്രകാരന്മാരെ ഉൾപ്പെടുത്തിയും മാധ്യമങ്ങൾ, ശൈലികൾ, എന്നിവയിൽ വൈവിധ്യം കൊണ്ടുവന്നുമാണ് സായി പ്രസാദ് ചിത്രകൂടം ഈ പ്രദർശനത്തെ വ്യത്യസ്തമായി ക്യൂറേറ്റ് ചെയ്യുന്നത്. ഏത് രാജ്യമായാലും ചിത്രങ്ങൾ സംവദിക്കുന്നത് ഒരേ രീതിയിലാണെന്നും ചിത്രഭാഷ സാർവ്വലൗകിക ഭാഷയാണെന്നും കൂറേറ്റർ അവകാശപ്പെടുന്നു.
സാഹിത്യരൂപങ്ങൾ രാജ്യാന്തരമായി വ്യത്യാസപ്പെടുമ്പോൾ ചിത്രങ്ങൾ എല്ലാവരിലും ഒരേപോലെ ആസ്വദിക്കപ്പെടുന്നുവെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ആ ക്രിലിക്,വാട്ടർ കളർ, മിക്സഡ് മീഡിയം എന്നിങ്ങനെ വ്യത്യസ്ത മാധ്യമങ്ങളിൽ ആവിഷ്കരിച്ച 35 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
ഇന്ത്യോ ന്വേഷ്യൻ പൗരൻ അന്റോണിയോസ് ഖോ ഫോക്ക് ആർട്ട് അടിസ്ഥാനമാക്കി മനുഷ്യ രൂപങ്ങൾക്ക് രൂപം കൊടുത്തപ്പോൾ നൈജീരിയൻ ചിത്രകാരൻ കേശ ബബാടുൺ ഡേയും , റൊമാനിയൻ ആർട്ട്സ്റ്റ് നൗനൗ സിലാഹിയും തീർത്തും അമൂർത്തമായ സങ്കൽപ്പങ്ങളെ കാൻവാസിൽ തെളിയിക്കുന്നു. കൊസോവോ, തുർക്കി, റഷ്യ, ഉക്ക്രയിൻ , കൊറിയ എന്നീ രാജ്യങ്ങളിലെ ചിത്രകാർക്കൊപ്പം ഇന്ത്യയിലെ പ്രമുഖരും ഒത്തുചേരുന്ന പ്രദർശനം ജനുവരി ഏഴിന് അവസാനിക്കും. ഗാലറി സമയം പത്ത് മണി മുതൽ ആറ് മണി വരെ.