ശബരിമലയിൽ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതോടെ ഗതാഗത ക്രമീകരണവുമായി പൊലീസ്

ശബരിമല: ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകരുടെ തിരക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ  പലയിടത്തും ഗതാഗത ക്രമീകരണവുമായി പൊലീസ്. ശബരിമലയിലേക്കുള്ള പാതകളില്‍ വാഹനങ്ങള്‍ കടത്തിവിടുന്നത് നിയന്ത്രിച്ചു കൊണ്ടാണ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ പിടിച്ചിട്ട ശേഷമാണ് തീര്‍ത്ഥാടകരെ നിലയ്ക്കലിലേക്ക് വിടുന്നത്. ഗതാഗത നിയന്ത്രണത്തെതുടര്‍ന്ന് മണിക്കൂറുകളോളം  അയ്യപ്പ ഭക്തര്‍ ഇടത്താവളങ്ങളില്‍ കാത്തുനില്‍ക്കേണ്ടിവരുന്നുണ്ട്. സന്നിധാനത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിലയ്ക്കല്‍ മുതല്‍ തുലാപ്പള്ളി വരെ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. രാവിലെ മുതല്‍ എരുമേലി ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതും ചെന്നൈയില്‍ വെള്ളക്കെട്ടൊഴിഞ്ഞതും തിരക്ക് വര്‍ധിക്കാന്‍ കാരണമായി.

അതേസമയം ശബരമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി.  അവധി ദിനങ്ങളായതിനാൽ വലിയ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ  പൊലീസിനും ദേവസ്വം അധികൃതർക്കും മന്ത്രി  നിർദേശം നൽകുകയും തീർത്ഥാടകർക്കായി കൂടുതൽ ആരോഗ്യ സംവിധാനങ്ങളും ആംബുലൻസും ക്രമീകരിക്കാനും മന്ത്രി നിർദേശിച്ചു.
Comments
error: Content is protected !!