താമരശേരി ചുരത്തിൽ കടുവ; യാത്രക്കാർക്ക് ജാഗ്രതാനിർദ്ദേശം നൽകി വനംവകുപ്പ്

താമരശേരി: താമരശേരി ചുരത്തിൽ കടുവയെ കണ്ടതിനെ തുടർന്ന് യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി വനംവകുപ്പ്. എട്ട്, ഒമ്പത് വളവുകളിലെ റോഡിന്റെ ഇരുവശത്തും ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.  ചുരത്തിലൂടെയുള്ള രാത്രി യാത്ര നടത്തുന്നവർ കൂടുതൽ ശ്രദ്ധിക്കാനും, വാഹനങ്ങൾ നിർത്തി ചുരത്തിലിറങ്ങരുതെന്നും വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. കടുവ സമീപ പ്രദേശത്ത് തന്നെ ഉണ്ടാകാനാണ് സാധ്യതയെന്നും വനം വകുപ്പ് കൂട്ടിച്ചേർത്തു. സ്ഥലത്ത് രാത്രി വനം വകുപ്പ് സംഘം പട്രോളിംഗ് നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ചുരത്തിൽ ഒമ്പതാം വളവിന് സമീപം കടുവയെ കണ്ടത്. പുലർച്ചയോടെ ലോറി ഡ്രൈവറാണ് ആദ്യം കടുവയെ കണ്ടത്. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. വയനാട് ലക്കിടി അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാൽ അവിടെ നിന്നാകാം കടുവയെത്തിയതെന്നാണ്  വനംവകുപ്പിന്റെ നിഗമനം.

Comments
error: Content is protected !!