DISTRICT NEWS

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള പകല്‍ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി

കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള പകല്‍ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.  കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു. പകല്‍ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ അമ്മമാര്‍ക്ക് പകല്‍ സമയത്തെങ്കിലും കൂട്ടായി ഇരിക്കുന്നതിനുള്ള സാഹചര്യം സാധ്യമാകും.
വിവാഹ രജിസ്‌ട്രേഷന്റെ സമയത്ത് വിവാഹപൂര്‍വ കൗണ്‍സിലിംഗിന് വിധേയരായിരുന്നു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിബന്ധന വയ്ക്കുന്നത് ഊഷ്മളമായിട്ടുള്ള കുടുംബ ബന്ധം സാധ്യമാക്കുന്നതിന് സഹായകമാകുമെന്ന് അവർ പറഞ്ഞു.
അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാരെ സുദീര്‍ഘമായ കാലയളവില്‍ ജോലി ചെയ്തതിനു ശേഷം യാതൊരു ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചു വിടുന്നതു സംബന്ധിച്ച പരാതികളും കമ്മിഷനു മുന്‍പാകെ പരിഗണനയ്ക്ക് എത്തി.
അണ്‍എയ്ഡഡ് മേഖലയിലെ അധ്യാപികമാരുടേത് ഉള്‍പ്പെടെ 11 മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നു. ലോട്ടറി, മത്സ്യവില്‍പ്പന ഉള്‍പ്പെടെ എട്ട് മേഖലകളിലെ ഹിയറിംഗ് പൂര്‍ത്തിയായതായും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button