അവധിദിനത്തിൽ ഓണത്തിരക്കിൽ മുങ്ങി നഗരം

കോഴിക്കോട്: ഓണത്തെ വരവേൽക്കാൻ വിപണികൾ ലക്ഷ്യമാക്കി ഏവരും ഇറങ്ങിയതോടെ നഗരം തിരക്കിൽ മുങ്ങി. മഴ മാറിനിന്നതോടെ ഞായറാഴ്ച കോഴിക്കോട്ടെ പ്രധാന വാണിജ്യ, വ്യാപാരകേന്ദ്രങ്ങളിലെല്ലാം ഓണാഘോഷം കൊഴുപ്പിക്കാനെത്തിയവരെക്കൊണ്ട് നിറഞ്ഞു. പതിവില്ലാത്തവിധം വാഹനങ്ങളുടെ ഒഴുക്ക് കൂടിയതോടെ നഗരത്തിൽ പലയിടത്തും ഏറെനേരം ഗതാഗതക്കുരുക്കുമുണ്ടായി.
നഗരവാസികളും നാട്ടിൻപുറങ്ങളിൽനിന്നുള്ളവരും ഓണവിപണി തേടി അവധിദിനത്തിൽ നഗരത്തിലേക്കെത്തി. രാത്രിയിലും മിഠായിത്തെരുവ് ഉൾപ്പെടെയുള്ള പ്രധാന വിപണനകേന്ദ്രങ്ങൾ ജനത്തിരക്കിൽ ശ്വാസംമുട്ടി. ഓഫറുകളുടെയും സമ്മാനങ്ങളുടെയും പെരുമഴയൊരുക്കി തുണിത്തര, ഗൃഹോപകരണ, ഇലക്ട്രോണിക് ഉത്‌പന്നവിപണികളും സജീവമായി. സാധാരണക്കാർക്ക് പ്രിയപ്പെട്ട തെരുവോരവിപണിക്കും ഞായറാഴ്ച ഉണർവുണ്ടായി. തുണിത്തരങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളുമെല്ലാം സ്വന്തമാക്കാൻ തെരുവോരവിപണിയിൽ ഏറെപ്പേരെത്തി. ഉപഭോക്താക്കളെ ആകർഷിക്കാൻ നഗരത്തിലെ പല കടകളും വില പരമാവധി കുറച്ചും ആകർഷകമായ സമ്മാനപദ്ധതികളൊരുക്കിയും സജീവമായി. അവയ്ക്കൊപ്പം കൈത്തറി-കരകൗശലമേളയും പായസമേളയും പുസ്തകമേളയുമെല്ലാം ഓണാഘോഷങ്ങൾക്ക് നിറവേകിയതോടെ വലിയ ജനത്തിരക്കാണ് പ്രകടമായത്.
Comments

COMMENTS

error: Content is protected !!