കലിതുള്ളിപ്പെയ്ത്ത്,ജനം ദുരിതത്തില്‍

കോഴിക്കോട്‌ : നാടും നഗരവും വെള്ളത്തിലാഴ്‌ത്തി കനത്ത മഴ. ചൊവ്വാഴ്‌ച രാവിലെ മുതൽ പെയ്‌ത മഴയിലും കാറ്റിലും പലയിടത്തും നാശനഷ്‌ടം. നഗരത്തിൽ മാവൂർ റോഡും പുതിയ ബസ്‌സ്‌റ്റാൻഡും വെള്ളത്തിൽ മുങ്ങി. കാൽനടയാത്രക്കാർ  മുട്ടോളം വെള്ളത്തിൽ റോഡിലൂടെ  ‘നീന്തി’യാണ്‌ മറുകര കടന്നത്‌.  ചെറു വാഹനങ്ങളുടെ പകുതിയോളം ഭാഗം വെള്ളത്തിലായിരുന്നു.
 രാവിലെ മുതൽ പെയ്‌ത മഴ പകൽ മൂന്നോടെയാണ്‌ കനത്തത്‌. ചിലയിടങ്ങളിൽ കിണറും കുളങ്ങളും നിറഞ്ഞൊഴുകി. പുലർച്ചെയുണ്ടായ കാറ്റിൽ പലയിടത്തും മരംവീണ്‌ ഗതാഗതം തടസ്സപ്പെട്ടു. ഗോതീശ്വരത്ത്‌  ലൈനിന്‌ മുകളിൽ മരം വീണ്‌ വൈദ്യുതി മുടങ്ങി. മിംസ്‌ ആശുപത്രിക്ക്‌ സമീപവും  സൗത്ത്‌ ബീച്ചിലും  റോഡിൽ മരം വീണ്‌ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.  കുറ്റിച്ചിറ തങ്ങൾസ്‌ റോഡിലും വലിയങ്ങാടിക്കടുത്തും നിർത്തിയിട്ട വാഹനത്തിന്‌ മുകളിൽ മരം വീണു. ആളപായമില്ല. നഗരം വെള്ളത്തിലായതോടെ   യാത്രക്കാർ വലഞ്ഞു.  ഭൂരിഭാഗം ഓട്ടോറിക്ഷകളും  മാവൂർ റോഡിൽ സർവീസ്‌ നിർത്തി. സിറ്റി ബസും കുറവായിരുന്നു.  വേറെ വഴിയില്ലാത്തതിനാൽ മലിനജലത്തിലൂടെ നടന്നാണ്‌  കരപറ്റിയത്‌. പുതിയ ബസ്‌സ്‌റ്റാൻഡിനും കെഎസ്‌ആർടിസിക്കും മുമ്പിൽ റോഡ്‌ മുറിച്ചു കടക്കാനായിരുന്നു ഏറെ ദുരിതം. ഇവിടെ വെള്ളക്കെട്ട്‌ ഇരട്ടിയാണ്‌.   ഇടയ്‌ക്ക്‌ പലരും ചെറിയ കുഴികളിൽ വീഴുന്നുണ്ടായിരുന്നു.
മഴയിലും കാറ്റിലും താമരശേരി, കൊടുവള്ളി പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണു.  മാനിപുരം മുത്തമ്പലം തച്ചോട്ടുമ്മൽ വിജയന്റെ വീടിന് മുകളിൽ തെങ്ങുവീണു.  മാനിപുരത്ത് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരം മുറിച്ചുമാറ്റിയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്. മാനിപുരത്ത്  മൂന്നിടത്ത്‌ മരം  വീണു. കിഴക്കോത്ത് പന്നൂരില്‍ തെങ്ങ് ഇലക്ട്രിക് ലൈനിനു മുകളില്‍ വീണ്‌ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. പുതുപ്പാടി, ഈങ്ങാപ്പുഴ, അടിവാരം
കോടഞ്ചേരി മേഖലകളിലും മരങ്ങൾ വീണ് ഉൾപ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു.
Comments

COMMENTS

error: Content is protected !!