കോവിഡ് പ്രതിരോധം: ജില്ല സജ്ജം കൂടുതല്‍ എഫ്എല്‍ടിസികള്‍

കോഴിക്കോട്‌ : കോവിഡ് വ്യാപനം തടയുന്നതിന്‌ ജില്ല സജ്ജമായി.  സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടക്കകൾ, ഐസിയു, വെന്റിലേറ്റർ തുടങ്ങിയ തിട്ടപ്പെടുത്തി. കൂടുതൽ ആവശ്യം വരുന്ന മുറയ്‌ക്ക്‌ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികളും കൈക്കൊണ്ടു. അഞ്ചുമാസത്തിനിടെ ആദ്യമായാണ് ജില്ലയിൽ ഞായറാഴ്ച രോഗികളുടെ എണ്ണം ആയിരം കടന്നത്.
 രോഗവ്യാപനം കൂടുതലുള്ള തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയിൽ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാൻ കലക്ടർ സാംബശിവ റാവു നിർദേശംനൽകി.  ഹോട്ട് സ്പോട്ടുകളായ  സ്ഥലങ്ങളിൽ 100 കിടക്കകളിൽ കുറയാത്ത എഫ്എൽടിസികളും കോർപറേഷനിൽ സാധ്യമായ എണ്ണവും ഉടൻതന്നെ സജ്ജമാക്കാനാണ് നിർദേശം.  പോസിറ്റീവ് ആകുന്നവരിൽ കൂടുതലും രോഗലക്ഷണം ഇല്ലാത്തവരാണ്. ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം എഫ്എൽടിസികളിലും വീടുകളിലും ചികിത്സ എത്തിക്കുന്നതിനും ആരോഗ്യവിഭാഗം തയ്യാറെടുക്കുകയാണ്‌.
കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നതിന്   21 ആശുപത്രികളിലായി 3499 കിടക്കകളുണ്ട്.  1874 കിടക്കകളാണ് നിലവിൽ ഒഴിവുള്ളത്‌.  വെന്റിലേറ്ററോടുകൂടിയ ഐസിയു 36 എണ്ണം ഒഴിവുണ്ട്. 59 വെന്റിലേറ്ററിൽ 33 എണ്ണമാണ് ഒഴിവുള്ളത്. സർക്കാർ മേഖലയിലുള്ള നാല് കോവിഡ് ആശുപത്രികളിലായി 297 കിടക്കകളിൽ 137 എണ്ണം ഒഴിവുണ്ട്. സ്വകാര്യ മേഖലയിൽ 17 ആശുപത്രികളിലായി 3202 ബെഡുകളുള്ളതിൽ 1737 എണ്ണം ഒഴിവാണ്. 55 വെന്റിലേറ്ററുകൾ ഉള്ളതിൽ 29 എണ്ണവും ഒഴിവാണ്. 355 കോവിഡ് കെയർ സെന്ററുകളും 342 ഇൻസ്റ്റിറ്റ്യൂട്ട് ക്വാറന്റൈൻ കേന്ദ്രങ്ങളും 13 പെയ്ഡ് ക്വാറന്റൈൻ കേന്ദ്രങ്ങളുമാണ് ജില്ലയിൽ ഉള്ളത്.
അടച്ചിടലിലേക്ക്‌ പോവാതിരിക്കാനുള്ള മുൻകരുതൽ   ഉണ്ടാവണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികളുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ കലക്ടർ പറഞ്ഞു. ഓരോ പൊലീസ് സ്റ്റേഷനിലും എസ്ഐ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പട്രോളിങ്‌  ടീം രൂപീകരിച്ച് കോവിഡ് മാനദണ്ഡം  പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
വാക്സിൻ വിതരണം വേഗത്തിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തി. ഞായറാഴ്ച കോഴിക്കോട് കോർപറേഷൻ, തിങ്കളാഴ്ച മുനിസിപ്പാലിറ്റികൾ, ചൊവ്വാഴ്ച കോഴിക്കോട് താലൂക്കിലെ  പഞ്ചായത്തുകൾ, വ്യാഴാഴ്ച താമരശേരി താലൂക്ക്, വെള്ളിയാഴ്ച വടകര താലൂക്ക്, ശനിയാഴ്ച കൊയിലാണ്ടി താലൂക്ക് എന്നിങ്ങനെ വാക്സിൻ കുത്തിവെപ്പ് ക്യാമ്പുകൾ നടക്കും.
Comments

COMMENTS

error: Content is protected !!